കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം നിര്യാതനായ പാലക്കാട് ജില്ലയിലെ ചാലിശ്ശേരി സ്വദേശി മൊയ്തീൻ (കുവൈത്ത് മൊയ്തീൻ) ഒരുകാലത്ത് കുവൈത്തിലെ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. കുവൈത്ത് കെ.എം.സി.സി രൂപംകൊള്ളുന്നതിന് മുമ്പ് മുസ്ലിം ലീഗ് അനുഭാവ സംഘടനയായി വെൽഫെയർ ലീഗിന് രൂപം നൽകാൻ മുന്നിൽനിന്ന അദ്ദേഹം തന്നെയായിരുന്നു പ്രഥമ പ്രസിഡൻറും.
കെ.എം.സി.സിയുടെ തുടക്കം മുതൽ കുവൈത്ത് വിടുന്നത് വരെ സംഘടനയുടെ സജീവ സാന്നിധ്യമായിരുന്നു. അബ്ബാസിയയിൽ അറ്റ്ലസ് ബേക്കറി എന്ന സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം തന്നെയാണ് അന്നത്തെ കാലത്ത് സി.എച്ച്. മുഹമ്മദ് കോയ, ഇ. അഹമ്മദ് തുടങ്ങി മുസ്ലിം ലീഗ് നേതാക്കൾ കുവൈത്തിൽ എത്തുമ്പോൾ താമസ സൗകര്യവും യാത്ര സൗകര്യവും മറ്റും ഏർപ്പാടാക്കിയിരുന്നത്. സി.എച്ചുമായുള്ള ആത്മബന്ധം വളർന്ന് മന്ത്രിയായിരിക്കെ അദ്ദേഹം ചാലിശ്ശേരിയിൽ മൊയ്തീെൻറ അന്നത്തെ കൊച്ചു വീട്ടിൽ മാതാവിനെ സന്ദർശിച്ച് സുഖവിവരം അന്വേഷിക്കുന്നതു വരെ എത്തി.
വർഷങ്ങളായി നാട്ടിൽ വരാതിരുന്ന മകനെ ഉടൻ നാട്ടിൽ എത്തിക്കണം എന്ന ഉമ്മയുടെ അഭ്യർഥന സി.എച്ച് ഇടപെട്ട് നിറവേറ്റിക്കൊടുത്തു. ലീഗ് നേതാവ് ബനാത്ത് വാലയുമായുള്ള ബന്ധം പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുമായി പരിചയപ്പെടാൻ ഉപകരിച്ചു. അങ്ങനെ ഗൾഫ് നാടുകളിൽ ആദ്യമായി കുവൈത്തിൽ റഫിയുടെ ഗാനമേള സംഘടിപ്പിച്ചു.
അഞ്ച് ദീനാറായിരുന്നു ടിക്കറ്റ് നിരക്ക്. തിരക്ക് കൂടിയപ്പോൾ പുറത്ത് ടിക്കറ്റ് 10 ദീനാർ വരെ എത്തി. എന്നിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ മഹമ്മദ് റഫി തന്നെ താൽപര്യപ്പെട്ട പ്രകാരം സൗജന്യമായി രണ്ടാം ദിവസം പരിപാടി നടത്തി. 1975ലാണ് ബോംബെ വഴി ഇദ്ദേഹം കുവൈത്തിൽ എത്തുന്നത്. നീണ്ട വർഷം കുവൈത്തിൽ പ്രവാസിയായി കഴിഞ്ഞിട്ടും കാര്യമായി ഒന്നും സമ്പാദിക്കാതെ കുവൈത്ത് മൊയ്തീൻ എന്ന പേരുമാത്രം ബാക്കിവെച്ചാണ് അദ്ദേഹം നാടണഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.