കുവൈത്ത് സിറ്റി: ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇനിയും രജിസ്റ്റർ ചെയ്യാതെ ഒന്നര ലക്ഷത്തിലധികം വിദേശികൾ. 16000 കുവൈത്തികളും ഇനിയും ബയോമെട്രിക് രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കണ്ണ്, വിരലടയാളം രജിസ്റ്റർ ചെയ്യാത്തവർക്ക് വിദേശയാത്ര നടത്താൻ കഴിയില്ലെന്ന് കുവൈത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആറ് ഗവർണറേറ്റിലും ബയോമെട്രിക് രജിസ്ട്രേഷന് നിശ്ചിത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ എന്നിവയിൽ അപ്പോയിൻമെന്റ് ബുക്ക് ചെയ്താണ് ബയോമെട്രിക് നടപടികൾക്ക് അതത് സെന്ററുകളിൽ എത്തേണ്ടത്. കുവൈത്തിലുള്ളവരും രാജ്യത്തേക്ക് വരുന്നവരുമായ എല്ലാവരുമായും ബന്ധപ്പെട്ട സുരക്ഷിതമായ ഇലക്ട്രോണിക് ഇൻഫർമേഷൻ ബാങ്ക് സ്ഥാപിക്കാനും വ്യാജ രേഖ ഉപയോഗിച്ച് രാജ്യത്തെത്തുന്നത് തടയാനുമാണ് ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്താനും ഇത് ഉപകരിക്കും. സന്ദർശക വിസയിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ രജിസ്ട്രേഷൻ നടത്തുന്നുണ്ട്. നേരത്തെ സന്ദർശക വിസയിൽ കുവൈത്തിലെത്തിയ ചിലർക്ക് ബയോമെട്രിക് രജിസ്ട്രേഷൻ നടത്താത്തതിന്റെ പേരിൽ യാത്ര മുടങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.
സന്ദർശക വിസയിലുള്ളവർക്ക് നേരത്തെ കർശനമാക്കിയിരുന്നില്ലെങ്കിലും ഇപ്പോൾ അവർക്കും ഇളവ് നൽകുന്നില്ല. കാലാവധി കഴിഞ്ഞും ബയോമെട്രിക് ചെയ്യാത്തവരുടെ സര്‍ക്കാര്‍-ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെടാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.