കുവൈത്ത് സിറ്റി: പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ കഴിയുന്നവർ യാത്ര വൈകുന്തോറും ആശങ്കയിൽ. 20 ദിവസത്തിലേറെയായി ക്യാമ്പിൽ കഴിയുന്നവർക്ക് എന്ന് നാട്ടിൽ പോകാൻ കഴിയുമെന്ന് ഒരു രൂപവുമില്ല.
12000ത്തോളം ഇന്ത്യക്കാരാണ് കുവൈത്തിൽ പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ കഴിയുന്നത്. കുടുങ്ങിക്കിടക്കുന്ന മറ്റു ഇന്ത്യക്കാർക്കായി വിമാന സർവീസ് ആരംഭിച്ചെങ്കിലും പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരുടെ തിരിച്ചുപോക്ക് വൈകുകയാണ്.
ഇവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യൻ അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് തടസ്സം. രജിസ്ട്രേഷൻ പൂർത്തിയായത് മുതൽ യാത്രാ ദിവസം വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇവർക്ക് താമസ സൗകര്യമൊരുക്കുന്നത്. രജിസ്റ്റർ ചെയ്തവരെ സ്വന്തം താമസസ്ഥലത്തേക്ക് തിരിച്ചയച്ചിട്ടില്ല. ഇവരിൽ രോഗബാധിതരുമുണ്ട്. കോവിഡ് ബാധിക്കുമോ എന്ന ഭീതിയിലുമാണിവർ. അനുമതി സംബന്ധിച്ച് പ്രാഥമികധാരണ ആയതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഏപ്രിൽ 16 മുതൽ 20 വരെയായിരുന്നു ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ. അന്നുമുതൽ ക്യാമ്പിലാണ് ഇവർ കഴിയുന്നത്.
സ്വന്തം പൗരന്മാരെ സ്വീകരിക്കാൻ തയാറാവാത്ത രാജ്യങ്ങളോട് കർശന നിലപാട് സ്വീകരിക്കണമെന്ന് സ്വദേശികൾക്കിടയിൽ അഭിപ്രായമുയരുന്നുണ്ട്. എം.പിമാരും പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം അടക്കമുള്ളവരും പരസ്യമായി ഇത് പ്രകടിപ്പിച്ചു. ഇൗജിപ്ത് പൗരന്മാർ ഇപ്പോൾ തിരിച്ചുപോവുന്നുണ്ട്. അടുത്തയാഴ്ച ബംഗ്ലാദേശ് പൗരന്മാരുടെയും മടക്കയാത്ര ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.