കുവൈത്ത് സിറ്റി: തിരിച്ചുപോക്കിന് വിമാന സർവിസ് ആരംഭിച്ചപ്പോൾ ടിക്കറ്റിന് പണമില്ലാതെ നിരവധി പ്രവാസികൾ. രണ്ടു മാസത്തിലേറെയായി ജോലിയും വരുമാനവും ഇല്ലാതായി കൈയിലുള്ള പണം തീർന്നവർ ടിക്കറ്റിനുള്ള 80 ദീനാർ കണ്ടെത്താനാവാതെ വലയുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കുമെന്ന വ്യത്യാസമില്ലാതെ തലയൊന്നിന് 80 ദീനാറാണ് ടിക്കറ്റ് നിരക്ക്. കുടുംബമായി കഴിഞ്ഞിരുന്ന നിരവധി പേർ വരുമാനമില്ലാതെ കൈയിലുള്ള പണം വാടക നൽകാനും നിത്യജീവിതത്തിനും ചെലവഴിച്ച് ഒന്നുമില്ലാത്ത അവസ്ഥയിലാണ്. സന്നദ്ധ സംഘടനകൾ നൽകുന്ന കിറ്റുകളാണ് പട്ടിണി മാറ്റുന്നത്.
കടം വാങ്ങാമെന്ന് കരുതിയാൽ ആരുടെ പക്കലും പൈസയില്ലാത്ത അവസ്ഥ. കുടുംബത്തെ നാട്ടിലയച്ചാൽ ഉള്ളതുകൊണ്ട് കഴിഞ്ഞുകൂടാമെന്ന് കരുതുകയാണ് ഇത്തരക്കാർ. സന്നദ്ധ സംഘടനകൾ കിട്ടാവുന്നതിെൻറ പരമാവധി സമാഹരിച്ചാണ് ഭക്ഷണ വിതരണം നടത്തുന്നത്. അതുതന്നെ എത്ര ദിവസത്തേക്കുകൂടി കഴിയുമെന്നതിൽ ആശങ്കയുണ്ട്. കുവൈത്തിൽ 30,000 പേർ തിരിച്ചുപോക്കിനായി എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ വലിയൊരു വിഭാഗം വരുമാനമില്ലാതായവരാണ്. കൂടുതൽ പേർക്ക് ടിക്കറ്റ് നൽകാനുള്ള സാമ്പത്തികശേഷി സന്നദ്ധ സംഘടനകൾക്കും ഇപ്പോഴില്ല.
ഇന്ത്യൻ എംബസിയുടെ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് ഇതിനായി പണം ചെലവഴിക്കണമെന്ന ആവശ്യം നേരത്തേ ഉയരുന്നുണ്ട്. വിവിധ സേവനങ്ങൾക്കായി എത്തുന്ന പ്രവാസികളിൽനിന്ന് ഇൗടാക്കിയ തുക തന്നെയാണിത്. ഇത് പ്രവാസികൾക്ക് അവകാശപ്പെട്ടതാണെന്നും അവർ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന ഇൗ ഘട്ടത്തിൽ വിനിയോഗിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് വിനിയോഗിക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്. കുവൈത്ത് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സ്വന്തം പൗരന്മാരെ സൗജന്യമായി തിരിച്ചുകൊണ്ടുവരുേമ്പാൾ ഇന്ത്യ കൈയൊഴിഞ്ഞത് വിദേശി സമൂഹത്തിനിടയിൽ ഇന്ത്യക്കാർക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.