കുവൈത്ത് സിറ്റി: വിസക്കച്ചവടക്കാരും മനുഷ്യക്കടത്തുകാരും സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകുന്നത് മാൻപവർ അതോറിറ്റിയുടെ ശ്രദ്ധയിൽ.
ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വകുപ്പുമായി സഹകരിച്ച് ഇതിന് തടയിടാൻ അധികൃതർ ഒരുക്കം ആരംഭിച്ചു. മാൻപവർ അതോറിറ്റി മേധാവി അഹ്മദ് അൽമൂസയാണ് ഇക്കാര്യം അറിയിച്ചത്. ഇല്ലാത്ത കമ്പനികളുടെയും നിലവിൽ പ്രവർത്തിക്കാത്തവയുടെയും പേരിൽ ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രതിവർഷം 400 മുതൽ 700 ദീനാർ വരെ നൽകിയാൽ ഒരു വർഷത്തേക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകാമെന്ന രീതിയിലും പരസ്യങ്ങളുണ്ട്. വെബ്സൈറ്റ് ഉടമകൾക്ക് നോട്ടീസ് നൽകി ഇത്തരം പരസ്യങ്ങൾ നീക്കാനും നടപടി ആരംഭിച്ചതായി അഹ്മദ് അൽ മൂസ കൂട്ടിച്ചേർത്തു. വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും മലയാളത്തിലടക്കം ഇത്തരം പരസ്യങ്ങൾ ഏറെയാണ്.
വിസക്കച്ചവടക്കാരുടെ കെണിയിലകപ്പെട്ട് നിരവധി പേർ ദുരിതത്തിൽ കഴിയുന്നുണ്ട്. വായ്പയെടുത്തും മറ്റും മൂന്നും നാലും ലക്ഷം രൂപ ഏജൻസി കമീഷൻ നൽകി വിസയെടുത്തു വന്നവരാണ് ദുരിതത്തിലാവുന്നത്. പണം വാങ്ങി വിസ നൽകിയ സ്പോൺസർമാർ പിന്നീട് തിരിഞ്ഞുനോക്കില്ല. മലയാളികൾ അടക്കം വിസക്കച്ചവടം നടത്തുന്ന റാക്കറ്റിൽ പങ്കാളികളാണ്. ഇതിൽ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ ചിലരുമുണ്ട്. രാജ്യത്ത് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്കൊരുങ്ങുകയാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മിന്നൽ പരിശോധനക്കാണ് അണിയറയിൽ ഒരുക്കം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.