കുവൈത്ത് സിറ്റി: അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ സംയുക്തമായി എണ്ണ ഖനനം നടത്തുന്നതിന് കുവൈത്തും സൗദിയും കരാറിൽ ഒപ്പിട്ടതിനുപിറകെ ഇവിടെ പ്രതിദിനം 3,25,000 ബാരൽ പെട്രോളിയം ഉൽപാദിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2020 അവസാനത്തോടെ ഉൽപാദനം ആരംഭിക്കും. നാലുവർഷത്തിനുശേഷമാണ് സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്റ എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്ത എണ്ണ ഖനനം പുനരാരംഭിക്കാനൊരുങ്ങുന്നത്. ചൊവ്വാഴ്ച കുവൈത്തിലെത്തിയ സൗദി ഉൗർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഉൗദും കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും ഇതുസംബന്ധിച്ച് കരാറിൽ ഒപ്പിട്ടു.
പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവിടത്തെ റിഫൈനറി. ഭൂമി ഉടമസ്ഥാവകാശവും പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് 2014 ഒക്ടോബറിലാണ് ഇവിടത്തെ സംയുക്ത ഖനനം നിർത്തിയത്. കുവൈത്ത്, സൗദി അതിർത്തിക്കിടയിൽ 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.