കുവൈത്ത് സിറ്റി: ഫോര്‍ത്ത് റിങ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഫോര്‍ത്ത് റിങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണി കാരണം റോഡിലെ പ്രധാന രണ്ടു ലൈനുകള്‍ അടച്ചിട്ടതാണ് ഗതാഗത തടസ്സത്തിനു കാരണം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഏപ്രിലിൽ ആരംഭിച്ച പ്രവൃത്തി മിക്കയിടത്തും വേഗത്തിൽതന്നെ പുരോഗമിക്കുന്നുണ്ട്. വൈകീട്ട് ആറു മുതല്‍ രാവിലെ ആറുവരെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. അവധി ദിവസങ്ങളിൽ അർധരാത്രി മുതല്‍ ഉച്ചവരെയായിരുന്നു. കഴിഞ്ഞ നവംബറില്‍ രാജ്യത്തുണ്ടായ പ്രളയത്തില്‍ നിരവധി റോഡുകള്‍ നശിച്ചിരുന്നു. ഈ നവംബര്‍ മാസത്തിനു മുമ്പ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കരാറുകളും പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
ഗതാഗതക്കുരുക്ക് പതിവാണെങ്കിലും മണിക്കൂറുകളോളം നീളുന്ന തടസ്സമുണ്ടായിരുന്നില്ല. വാഹനങ്ങളുടെ ആധിക്യവും ഒപ്പം പ്രവൃത്തി നടക്കുന്നതിനാൽ ചില റോഡുകൾ പൂർണമായും മറ്റു റോഡുകൾ ഭാഗികമായും അടച്ചതും കുരുക്ക് മുറുകാനിടയായി. കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സബ അല്‍ സാലിമിലെ റോഡുകളില്‍ മണിക്കൂറുകളോളം ട്രാഫിക് തിരക്കനുഭവപ്പെട്ടതാണ് ഇൗയടുത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട വലിയ ഗതാഗതക്കുരുക്ക്. യൂനിവേഴ്സിറ്റിയുടെ പ്രവേശന കവാടങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നത്. നിരവധി വിദ്യാർഥികള്‍ക്കു ആദ്യ ദിവസംതന്നെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വിദ്യാർഥികള്‍ പരാതി നല്‍കിയതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് പരിഹാരം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.