കുവൈത്ത് സിറ്റി: പക്ഷികളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന അൽറായ് പക്ഷി മാർക്കറ്റിൽ വീണ്ടും കച്ചവടം സജീവമായി. ഇപ്പോൾ മുമ്പത്തെപോലെതന്നെ വിൽപന നടക്കുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. പക്ഷിപ്പനി കണ്ടതിനെ തുടർന്ന് ഫെബ്രുവരി അഞ്ചിന് ആരോഗ്യ മന്ത്രാലയവും കാർഷിക മത്സ്യവിഭവ പബ്ലിക് അതോറിറ്റിയും അൽറായ് മാർക്കറ്റ് നിർബന്ധിതമായി അടപ്പിച്ചിരുന്നു.
മനുഷ്യരിലേക്കും പടരാൻ സാധ്യതയുണ്ടായിരുന്ന എച്ച്5 എൻ1 രോഗമാണ് പക്ഷികൾക്ക് ബാധിച്ചത്. കരുതൽ നടപടികളുടെ ഭാഗമായി അന്ന് വിവിധ ഇനങ്ങളിൽപ്പെട്ട 16,000 പക്ഷികളെയാണ് കൊന്നൊടുക്കിയത്. മാർക്കറ്റിലെ ഒാരോ കടക്കാർക്കും 10,000 ദീനാർ മുതൽ 20,000 ദീനാർ വരെ നഷ്ടമുണ്ടായിട്ടുണ്ട്. സർക്കാർ നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
ശുചീകരണത്തിനും അണുമുക്തമാക്കലിനും ശേഷം മാർച്ച് 20നാണ് പിന്നീട് മാർക്കറ്റ് തുറന്നത്. മേഖല പൂർണമായി പക്ഷിപ്പനി മുക്തമായെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ടെന്നും പക്ഷിപ്പനി ബാധക്ക് മുമ്പുള്ളതിന് സമാനമായ കച്ചവടം ഉണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി. 2007ലാണ് മുമ്പ് രാജ്യത്ത് ഇത്തരത്തിൽ പക്ഷിപ്പനി ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.