കുവൈത്ത് സിറ്റി: രാജ്യത്തെ പല സ്കൂളുകളിലും അധ്യാപകക്ഷാമം അനുഭവപ്പെടുന്നതായി വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമി. കഴിഞ്ഞദിവസം സ്വകാര്യപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. യു.പി സ്കൂളുകളിൽ ശാസ്ത്രാധ്യാപകരുടെയും മറ്റെല്ലാ തലങ്ങളിലും ഇംഗ്ലീഷ് അധ്യാപകരുടെയും കുറവാണ് ഇപ്പോഴുള്ളത്. കുടുംബങ്ങളെ പുതിയ പാർപ്പിടമേഖലകളിലേക്ക് മാറ്റിയതും ഈ വർഷം പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചതുമാണ് ഈ വിഷയങ്ങളിൽ അധ്യാപക ക്ഷാമം കൂടാൻ കാരണം.
നിലവിൽ 72392 അധ്യാപക-അധ്യാപികമാരാണ് സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കുന്നതെന്ന് മുഹമ്മദ് അൽ ദലാൽ എം.പിയുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. വിവിധ രാജ്യക്കാർ നടത്തുന്ന സ്വകാര്യ സ്കൂളുകളിൽ 17054 പേരും അധ്യാപന മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അധ്യാപകക്ഷാമം നേരിടുന്ന വിദ്യാഭ്യാസ മേഖലയിലെ ഡയറക്ടർമാർക്ക് പുതിയ അധ്യാപക നിയമനത്തിന് ആവശ്യമായ നടപടികൾ കൈകൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. യഥാക്രമം യോഗ്യരായ കുവൈത്തികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ, മറ്റു വിദേശരാജ്യക്കാർ എന്നീ മുൻഗണനാക്രമത്തിലാണ് അധ്യാപക നിയമനത്തിന് പരിഗണിക്കപ്പെടുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.