കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സംരക്ഷിച്ചുവളർത്തുന്ന ചെടികളും പൂവുകളും പിഴു താൽ 5000 ദീനാർ പിഴ ലഭിക്കും. പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംരക്ഷിത മേഖലയായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാലിന്യനിക്ഷേപം നടത്തിയാൽ 500 ദീനാർ പിഴയീടാക്കും. ഉത്തരവ് നടപ്പാക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ സംരക്ഷണ അതോറിറ്റി, പരിസ്ഥിതി പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘം നിരീക്ഷണം നടത്തും.
സബാഹ് അൽ അഹ്മദ്, ജഹ്റ എന്നിവിടങ്ങളിലെ നാച്വറൽ റിസർവിൽ അതിക്രമിച്ചുകയറിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നാച്വറൽ റിസർവിലെ ചുറ്റുവേലി ആവർത്തിച്ച് തകർക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആളുകൾ അതിക്രമിച്ചു കടക്കുന്നതു മൂലം വന്യജീവികൾക്കും പരിസ്ഥിതിക്കും നാശമുണ്ടാവുന്നതായാണ് വിലയിരുത്തൽ. കുവൈത്ത് തീരത്തുനിന്ന് 19 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സബാഹ് അൽ അഹ്മദ് നാച്വറൽ റിസർവ് വൈവിധ്യമാർന്ന സസ്യങ്ങളുടെയും ജീവികളുടെയും സംരക്ഷണ കേന്ദ്രമാണ്. കുവൈത്തിെൻറ വടക്കൻ കടലോരത്തോട് ചേർന്ന് ജഹ്റയിൽ 19 കിലോമീറ്റർ ചുറ്റളവിൽ നിർമിച്ച ജഹ്റ നാച്വറൽ റിസർവും അപൂർവ ജീവികളുടെയും പ്രകൃതി രമണീയതയുടെയും ഇടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.