കുവൈത്ത് സിറ്റി: കെട്ടിടങ്ങൾക്ക് മുകളിൽ അനധികൃത നിർമാണം നടത്തുന്നവർക്ക് 1000 ദീനാ ർ മുതൽ 5000 ദീനാർവരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. അൽറായി പത്രത്തിന് നൽകിയ അഭിമുഖത്തിൽ കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ കൈയേറ്റം ഒഴിപ്പിക്കൽ വിഭാഗം മേധാവി എൻജി. അബ്ദുല്ല ജാബിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുനിസിപ്പൽ അനുമതി കരസ്ഥമാക്കാതെയുള്ള കോൺക്രീറ്റ് നിർമാണവും ഇരുമ്പ് ഷീറ്റുകൾ കൊണ്ടുള്ള താൽക്കാലിക നിർമാണവുമെല്ലാം അനധികൃതമായി കണക്കാക്കി പിഴ ഈടാക്കും. 2009, 2016 വർഷങ്ങളിലിറക്കിയ മുനിസിപ്പൽ ഉത്തരവ് പ്രകാരം അനധികൃത കെട്ടിടങ്ങൾക്ക് 1000 ദീനാറിൽ കുറയാത്തതും 5000 ദീനാറിൽ കൂടാത്തതുമായ പിഴ ഈടാക്കാമെന്ന് അനുശാസിക്കുന്നുണ്ട്.
സാഹചര്യവും നിയമലംഘനത്തിെൻറ തോതും പഠിച്ചശേഷം എത്ര തുക പിഴ ഈടാക്കണമെന്ന് കോടതിയാണ് തീരുമാനിക്കുക. കൈയേറ്റ വിരുദ്ധ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ കെട്ടിട ഉടമക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയാണ് ആദ്യം ചെയ്യുക. അനധികൃത ഭാഗം പൊളിച്ചുനീക്കി പൂർവസ്ഥിതിയിലാക്കാൻ സമയം നിശ്ചയിക്കും. ഈ സമയത്തിനിടക്ക് നിയമലംഘനം നീക്കിയില്ലെങ്കിലാണ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലേക്ക് മാറ്റുക. സ്വകാര്യ പാർപ്പിട മേഖലയിലെ കെട്ടിടങ്ങളിലാണ് ഇത്തരം നിയമലംഘനം പിടികൂടുന്നതെങ്കിൽ ഒരു മീറ്റർ ചുറ്റളവിന് 50 ദീനാറിൽ കുറയാത്തതും 500 ദീനാറിൽ കൂടാത്തതുമായ പിഴ ഈടാക്കാനും തീരുമാനമുണ്ടെന്ന് എൻജി. അബ്ദുല്ല ജാബിർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.