കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച കുവൈത്തിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 300 ദശലക്ഷം ദീനാറിെൻറ നഷ്ടം കണക്കാക്കുന്നതായി റിപ്പോർട്ട്. ഫിനാൻഷ്യൽ, എൻജിനീയറിങ്, ഇൻഷുറൻസ് മേഖലയിലെ വിദഗ്ധരിൽനിന്നുള്ള അഭിപ്രായം തേടി ‘അൽ ഖബസ്’ ദിനപ്പത്രമാണ് ഇൗ നിലക്കുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. പൊതു, സ്വകാര്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വസ്തുക്കളും നശിച്ചതുവഴിയുള്ള നേരിട്ടുള്ള നഷ്ടവും സംവിധാനങ്ങൾ നിശ്ചലമായതു വഴിയുള്ള പരോക്ഷ നഷ്ടവും ചേർത്തുള്ള കണക്കാണിത്. പ്രത്യക്ഷ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വ്യാപാരനഷ്ടം ഉൾപ്പെടെ പരോക്ഷ നഷ്ടങ്ങൾക്ക് പരിഹാരമുണ്ടാവില്ല.
വീടുകളും കാറുകളും കേടുവന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ വിദേശികളെ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല. വിദേശികളുടെയും നൂറുകണക്കിന് കാറുകൾ വെള്ളത്തിൽ മുങ്ങി നശിച്ചിട്ടുണ്ട്. അപ്രതീക്ഷിത അവധി മൂലമുള്ള പരോക്ഷ നഷ്ടം ഒരുദിവസത്തേക്ക് കണക്കാക്കിയിട്ടുള്ളത് 50 ദശലക്ഷം ദീനാറാണ്. വരും ദിവസങ്ങളിൽ അധിക ഉൽപാദനം നടക്കുന്നതിലൂടെ ഇതിൽ ഒരുഭാഗം നികത്തപ്പെടുമെന്നാണ് പ്രതീക്ഷ. തകർന്ന റോഡുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനരുദ്ധരിക്കാനും ഡ്രെയിനേജ് സംവിധാനത്തിലെ അപാകത തീർക്കാനും കോടിക്കണക്കിന് ദീനാർ സർക്കാർ വകയിരുത്തേണ്ടി വരും. നഷ്ടപരിഹാരം നൽകാനും വലിയൊരു തുക മാറ്റിവെക്കേണ്ടി വരുന്നതോടെ ബജറ്റ് താളം തെറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.