കുവൈത്ത് സിറ്റി: തൊഴിൽ-സാമൂഹികക്ഷേമ മന്ത്രാലയത്തിെൻറ അനുമതി നേടാതെ രാജ്യത്തെ സന്നദ്ധ സംഘടനകൾ വിദേശ സംഘടനകളുമായി ഇടപാടുകൾ നടത്തുന്നതിന് വിലക്ക്. തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഹനാഅ് അൽ ഹാജിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിനും തൊഴിൽകാര്യ മന്ത്രാലയത്തിനും ഇടയിൽ ഏകോപനമുണ്ടാക്കിയിട്ടുണ്ട്. ഇരു മന്ത്രാലയങ്ങളുടെയും അറിവോടെയും അനുമതിയോടെയും അല്ലാതെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടക്കുന്നത് കണ്ടെത്താൻ സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനകൾക്ക് പണം എത്തുന്നത് തടയാനാണ് ഇത്തരം ക്രമീകരണം ഏർപ്പെടുത്തിയത്.
രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾക്ക് മാത്രമാണ് പിരിവിന് അനുമതിയുള്ളത്. മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്. കെ. നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കാൻ പാടില്ല. അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്. ഉദാരമതികളിൽനിന്ന് സ്വരൂപിച്ച പണത്തിന് കൃത്യമായ ഉറവിടം കാണിക്കാൻ സംഘടനകൾ ബാധ്യസ്ഥമാണ്. അതേസമയം, സന്നദ്ധ സംഘടനകൾ വരുത്തിയ നിയമ ലംഘനങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഹാജിരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.