കുവൈത്ത് സിറ്റി: ഇന്ത്യൻ വോളിബാൾ അസോസിയേഷൻ കുവൈത്ത്, ജിമ്മി ജോർജ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന അഞ്ചാമത് ജിമ്മി ജോർജ് വോളിബാൾ ടൂർണമെൻറ് വ്യാഴാഴ്ച മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ആറു പ്രഫഷനൽ ടീമുകളിലായി ഇന്ത്യയിൽനിന്നുള്ള 24 താരങ്ങളും കുവൈത്തിലുള്ള 15ഒാളം വോളിബാൾ താരങ്ങളും കരുത്തുതെളിയിക്കാൻ മാറ്റുരക്കും. അന്തർദേശീയ റഫറി മാത്യു പി. ജോണും പ്രമുഖ അനൗൺസർ നിഷാദും എത്തുന്നുണ്ട്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരത്തിെൻറ ഒൗപചാരിക ഉദ്ഘാടനം ആറിന് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർമാനും സഫീന ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ജയിംസ് മാത്യൂസ് നിർവഹിക്കും. നവംബർ രണ്ടിന് സെമിഫൈനലും ബി. ഡിവിഷൻ ഫൈനൽ മത്സരങ്ങളും നടക്കും. നവംബർ മൂന്നിന് മെഗാ ഫൈനലും വെറ്ററൻസ് ടൂർണമെൻറ് ഫൈനലും അരങ്ങേറും. നവംബർ രണ്ടിന് ഉച്ചക്ക് 1.30 മുതൽ അണ്ടർ 14, അണ്ടർ 19 പ്രായമുള്ള കുട്ടികളുടെ ഇൻറർ സ്കൂൾ മത്സരങ്ങൾ നടക്കും. വിജയികൾക്ക് എവർറോളിങ് ട്രോഫിയും സഫീന നൽകുന്ന കാഷ് പ്രൈസും ഉണ്ടായിരിക്കും. മികച്ച കളിക്കാരന് ഉദയകുമാർ എവർ റോളിങ് ട്രോഫിയും കാഷ് പ്രൈസും ലഭിക്കും.
കളിക്കാർക്കും കാണികൾക്കുമായി മറ്റു നിരവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൂർണമെൻറിെൻറ ഭാഗമായി സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന തുക അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന ദേശീയ, സംസ്ഥാന ടൂർണമെൻറുകളിൽ മികവ് തെളിയിച്ച 19കാരൻ നിഖിലിന് നൽകും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിനാണ് മത്സരങ്ങൾ ആരംഭിക്കുക. മികവ് തെളിയിച്ചിട്ടും സർക്കാർ ജോലി ലഭിക്കാതിരുന്ന 20 പ്രഫഷനൽ വോളിബാൾ താരങ്ങൾക്ക് കുവൈത്തിൽ ജോലി സംഘടിപ്പിച്ചുനൽകാൻ കഴിഞ്ഞതായും വരും വർഷങ്ങളിലും കൂടുതൽ പേർക്ക് ജോലി നൽകുമെന്നും ഇത് കുവൈത്തിലെ വോളിബാൾ രംഗത്തിനും കരുത്തുപകരുന്നതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.