കുവൈത്ത് സിറ്റി: കുവൈത്തിൽ വിനോദസഞ്ചാരമേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർതലത്തിൽ സംവിധാനമുണ്ടാകണമെന്ന് നിർദേശം. രാജ്യത്തെ ഹോട്ടൽ ഉടമകളുടെ സംഘടനയാണ് നിർദേശം മുന്നോട്ടുവെച്ചത്. വിനോദസഞ്ചാര വികസനത്തിനായി പ്രത്യേക ടൂറിസം അതോറിറ്റി രൂപവത്കരിക്കണമെന്നും ഹോട്ടൽ ഓണേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. വാർത്താവിതരണ മന്ത്രാലയത്തിെൻറയും ഹോട്ടൽ ഓണേഴ്സ് യൂനിയെൻറയും യോഗത്തിലാണ് ടൂറിസം അതോറിറ്റി എന്ന നിർദേശം ഉയർന്നു വന്നത്. വിനോദ സഞ്ചാരമേഖലയിൽ കുവൈത്തിന് ഏറെ സാധ്യതകൾ ഉണ്ടെന്നു യോഗം വിലയിരുത്തി. മറ്റു ജി.സി.സി രാഷ്ട്രങ്ങളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനും പരിചയസമ്പത്ത് പ്രയോജനപ്പെടുത്താനും യോഗത്തിൽ ധാരണയായി.
ഭാവിയിൽ എണ്ണയിതര വരുമാനം വർധിപ്പിക്കാൻ കഴിയുന്ന വിപുലമായ വികസന പദ്ധതികളാണ് ടൂറിസം മേഖലയിൽ ആലോചിക്കുന്നതെന്ന് വാർത്താവിതരണ മന്ത്രാലയത്തിലെ വിനോദസഞ്ചാരവിഭാഗം ഉന്നതാധികാര സമിതി തലവൻ ഉസാമ അൽ ബുറൈഖി പറഞ്ഞു. സമുദ്രതീര റിസോർട്ടുകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ടൂറിസം വികസനം രാജ്യത്ത് എളുപ്പമാണെന്ന് വാർത്താ വിതരണ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി യൂസുഫ് അൽ മുസ്തഫ പറഞ്ഞു. നിക്ഷേപകർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ഗുണം ചെയ്യുന്നതാകും അത്തരം പദ്ധതികൾ. സാമ്പത്തിക മേഖലയിൽ രാജ്യത്തിന് കരുത്തുപകരാൻ വിനോദ സഞ്ചാര വികസനം പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.