കുവൈത്ത് സിറ്റി: ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് കുവൈത്തിൽനിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കുന്നു. ഒക്ടോബർ 15 മുതൽ ചെന്നൈയിലേക്കും നവംബർ രണ്ടുമുതൽ കൊച്ചിയിലേക്കും സർവിസ് ആരംഭിക്കും. നവംബർ രണ്ട് മുതൽ അഹ്മദാബാദിലേക്ക് ആഴ്ചയിൽ മൂന്നുദിവസം സർവിസുണ്ടാവും. കൊച്ചി വിമാനം രാത്രി 10.50ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടിന് അവിടെയെത്തും. തിരിച്ച് പുലർച്ചെ 2.50ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് രാവിലെ 10.25ന് കുവൈത്തിലെത്തും.
ചെന്നൈ വിമാനം പുലർച്ചെ 1.05നാണ് കുവൈത്തിൽനിന്ന് പുറപ്പെടുക. പുലർച്ചെ 4.10ന് ചെന്നൈയിലിറങ്ങി 5.10ന് അവിടെനിന്ന് കുവൈത്തിലേക്ക് തിരിക്കും. ഉച്ചക്ക് 12.25നാണ് കുവൈത്തിൽ ഇറങ്ങുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് അഹമ്മദാബാദ് സർവിസ്. അഹ്മദാബാദിൽനിന്ന് രാവിലെ 8.30ന് പുറപ്പെട്ട് 9.40ന് കുവൈത്തിലെത്തി തിരിച്ച് 10.40ന് അഹ്മദാബാദിലേക്ക് തിരിച്ചുപോവുന്ന രീതിയിലാണ് ക്രമീകരണം. വൈകീട്ട് 4.50നാണ് അഹ്മദാബാദിൽ വിമാനമിറങ്ങുക.
തുടക്കത്തിൽ 30 കിലോ ആണ് ബാഗേജ് സൗകര്യം ഉണ്ടാവുക. എന്നാൽ, ഡിസംബർ മുതൽ ഇത് 40 കിലോ ആക്കാൻ ഉദ്ദേശ്യമുണ്ടെന്ന് ചീഫ് പ്ലാനിങ് ഒാഫിസർ മൈക്കിൾ ആൻറണി സ്വിയാടെക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 37 ദീനാർ മുതലാണ് കൊച്ചി സർവിസിന് ഒരു വശത്തേക്ക് നിരക്ക്. ചെന്നൈ-കുവൈത്ത് ഒരു വശത്തേക്ക് 37.850 ദീനാർ മുതൽ ആണ് ടിക്കറ്റ് നിരക്ക്. അഹ്മദാബാദ് സർവിസിന് 45.400 ദീനാറാണ് ടിക്കറ്റ് വില. വിമാനക്കമ്പനികളുടെ സീസണ് നോക്കിയുള്ള യാത്രാനിരക്ക് വര്‍ധന പിടിച്ചുനിര്‍ത്താന്‍ ഇന്‍ഡിഗോ സര്‍വിസിന് കഴിയുമെന്ന് പ്രാദേശിക പങ്കാളിയായ സീസേഴ്സ് ട്രാവൽസ് സി.ഇ.ഒ പി.എൻ. കുമാര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ഇൻഡിഗോ എയര്‍ലൈനിെൻറ ഔദ്യോഗിക വെബ്സൈറ്റായ www.goindigo.in വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പുതിയ വിമാനത്താവളമായ കണ്ണൂർ ഉൾപ്പെടെ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് വൈകാതെ സർവിസ് വ്യാപിപ്പിക്കുമെന്ന് മൈക്കിൾ ആൻറണി സ്വിയാടെക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.