കുവൈത്ത് സിറ്റി: പ്രവാസജീവിതത്തിനിടയില്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും അവയുടെ നിയമവശങ്ങളും പരിഹാര മാർഗങ്ങളും ഉൾപ്പെടുത്തി വെൽഫെയര്‍ കേരള കുവൈത്ത് ജനസേവന ശിൽപശാല സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രവാസി സമൂഹത്തിന് മാർഗനിർദേശവും സേവനവും നിർവഹിക്കാൻ പ്രാപ്തരായ സന്നദ്ധപ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
സേവനരംഗത്തേക്ക് കടന്നുവരുന്ന നിരവധി പേർക്ക് ആത്മവിശ്വാസം പകരുന്ന പരിശീലന വേദിയായി പരിപാടി മാറി. തൊഴില്‍നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും അർഹമായ അവകാശങ്ങള്‍ പോലും തഴയപ്പെടാന്‍ കാരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെൽഫെയര്‍ കേരള കുവൈത്ത് പ്രസിഡൻറ് ഖലീലുറഹ്മാന് പറഞ്ഞു. കുവൈത്തിലെ തൊഴിൽ നിയമങ്ങൾ, തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് അദ്ദേഹം പ്രസേൻറഷന് അവതരിപ്പിച്ചു. ഗാർഹിക തൊഴിലാളികൾക്ക് കുവൈത്ത് സർക്കാർ നൽകുന്ന അവകാശങ്ങളും അവർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും ജനറൽ സെക്രട്ടറി വിനോദ് പെരേര വിവരിച്ചു.
ആശുപത്രി സന്ദർശനവും രോഗീപരിചരണവും വിവിധ ആശുപത്രികളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ എന്നിവയിൽ കേന്ദ്ര കമ്മിറ്റി അംഗം അജിത് കുമാര്‍ പരിശീലനം നൽകി. പ്രവാസി മരണപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും രേഖകള്‍ തയാറാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങളും ജനസേവന അസിസ്റ്റൻറ് കൺവീനർ റഷീദ് ഖാന് പ്രസേൻറഷൻ അവതരിപ്പിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ വൈസ് പ്രസിഡൻറ് അൻവർ സയീദ്, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ, ഷംസീർ, നാസർ ഇല്ലത്ത്, അൻവർ ഷാജി എന്നിവർ വിവിധ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് മറുപടി നൽകി. പ്രസിഡൻറ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് പെരേര സ്വാഗതവും പ്രോഗ്രാം കൺവീണർ ലായിക് അഹ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.