കുവൈത്ത് സിറ്റി: ആടുമാടുകളുടെ വിപണനത്തിനും അറവുകൾക്കും മാത്രമായുള്ള പ്രത്യേക കേന്ദ്രം അൽറായി സൂഖ് ജുമുഅക്ക് പിന്നിൽ പ്രവർത്തനമാരംഭിച്ചു. 94,000 ചതുരശ്ര മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രം കാലിക്കച്ചവടവും അറവും ഒരുമിച്ച് നടക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൂഖാവുമെന്നാണ് കരുതപ്പെടുന്നത്. കാലി ഇറക്കുമതി-കച്ചവട കമ്പനിയാണ് പുതിയ മാർക്കറ്റിെൻറ നിർമാണം പൂർത്തിയാക്കിയത്. പ്രധാന കെട്ടിടം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, കടകൾ, കാലി മാർക്കറ്റ്, ലേലം വിളിക്കുന്നതിനുള്ള പ്രത്യേക മുറ്റം, കാലികളെ വാഹനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള പ്രത്യേക ഇടങ്ങൾ, 400 വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള സൗകര്യം, 400 പേർക്ക് ഒരുമിച്ച് നമസ്കരിക്കാൻ സാധിക്കുന്ന പള്ളി തുടങ്ങിയ വിവിധ സൗകര്യങ്ങളോടു കൂടിയതാണ് ഈ കേന്ദ്രം.
കുടുംബസമേതം എത്തി കാലികളെ തിരഞ്ഞെടുത്തതിനുശേഷം അറവ്, മാംസം വെട്ടൽ തുടങ്ങിയ എല്ലാ നടപടികളും പൂർത്തിയാക്കാനുള്ള സൗകര്യമുണ്ട് പ്രധാന കെട്ടിടത്തിൽ. ഒരു ദിവസം ആട്, മാട്, ഒട്ടകം അടക്കം 18,000 കാലികളെ കശാപ്പ് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഇവിടെ ഇടപാടുകാരെ സ്വീകരിക്കുക. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ഉപഭോക്താക്കൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി ഭരണസമിതി മേധാവി ബദർ നാസർ അൽ സുബഇ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.