കുവൈത്ത് സിറ്റി: കുവൈത്തിലെത്തുന്ന കേരള വ്യവസായ മന്ത്രി ഇ.പി. ജയരാജെൻറ സന്ദര്‍ശനം വൻ വിജയമാക്കുമെന്ന് ഹെല്പ് കേരള. കുവൈത്തിലെ മലയാളികളായ പ്രളയ ബാധിതരെ സഹായിക്കാനായി രൂപം കൊണ്ട ഹെല്പ്കേരള, അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വിളിച്ചുചേർത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് എല്ലാ സഹായങ്ങളും നൽകും. ഹെൽപ് കേരള സർവേ വഴി ലഭിച്ച പ്രളയബാധിതരായ പ്രവാസികളെ സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കും. പ്രവാസികളുടെ നഷ്ടങ്ങള്‍ കൃത്യമായി പഠിച്ച് പ്രൊജക്ടായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നവകേരള നിര്‍മ്മിതിയില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തില്‍ ലോക കേരള സഭാംഗങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി നിർദേശം സമർപ്പിക്കും.
പുനര്‍നിർമിതിയില്‍ പ്രവാസികളെ സംരംഭകരാക്കിയുള്ള പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് ശേഷം ഹെൽപ് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായി ലോക കേരള സഭാംഗങ്ങളും പ്രവാസി ക്ഷേമ നിധി ബോര്‍ഡ് അംഗവും ചേര്‍ന്ന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. ഹെല്പ് കേരള വിഭാവനം ചെയ്ത മെഗാ കാര്‍ണിവല്‍ എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ട് കൊണ്ടുപോകാനും പൊതുപ്രവര്‍ത്തന രംഗത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കുവൈത്തിലെ പ്രളയ ബാധിതരായ മലയാളികളെ സഹായിക്കാനും തീരുമാനിച്ചു. ഹെല്പ് കേരള മോണിറ്ററിങ് ഇവാലുവേഷന്‍ കണ്‍വീനര്‍ ചെസില്‍ ചെറിയാന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്മാന് ഡോ. അമീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി ബാബുജി ബത്തേരിയും കുവൈത്തിൽ നിന്നും ലഭിച്ച അപേക്ഷകളെ കുറിച്ച് കൺവീനർ ഖലീൽ റഹ്മാനും വിശദീകരിച്ചു. പരമാവധി സഹായം അര്‍ഹരായ പ്രവാസികള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം എൻ. അജിത്കുമാർ പറഞ്ഞു. കണ്‍വീനര്‍മാരായ കെ.പി. സുരേഷ്, സജീവ് നാരായണൻ, സെക്രട്ടറി ഷൈനി ഫ്രാങ്ക് എന്നിവർ അന്തരിച്ച ബാലഭാസ്കർ, തമ്പി കണ്ണന്താനം, ക്യാപ്റ്റന്‍ രാജു എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സഗീര്‍ തൃക്കരിപ്പൂര്‍ ചര്‍ച്ച നിയന്ത്രിച്ചു. ട്രഷറര്‍ അഡ്വ. ജോണ്‍ തോമസ്, ലോക കേരള സഭാംഗങ്ങളായ തോമസ് കടവിൽ, സാം പൈനുംമൂട്, ശ്രീംലാൽ, ബാബു ഫ്രാന്‍സിസ് വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ഹെല്പ് കേരള സെക്രട്ടറി സണ്ണി മണര്‍കാട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.