കുവൈത്ത് സിറ്റി: ക്രൂഡോയിൽ വില കുതിക്കുന്നതിനൊപ്പം എണ്ണയിതര വരുമാനത്തിലും വൻ കുതിപ്പ് കാണുന്നതോടെ സാമ്പത്തികമായി കുവൈത്തിനിത് നല്ലകാലം. കുവൈത്ത് പെട്രോളിയം അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച ബാരലിന് 83.1 ഡോളർ വില രേഖപ്പെടുത്തി. മുൻദിവസത്തിൽനിന്ന് 40 സെൻറി കൂടിയാണ് ഇൗ നിരക്കിലെത്തിയത്. പെട്രോളിയം ഉൽപാദക രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇറാനെതിരെ പുതിയ ഉപരോധ നടപടികൾ നവംബറോടെ ഉണ്ടാകുമെന്ന അമേരിക്കയുടെ പ്രഖ്യാപനമുൾപ്പെടെ കാരണങ്ങളാണ് എണ്ണ വില ഉയരാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. നാലുവർഷത്തിനിടെ ഏറ്റവും കൂടിയ വിലയാണിത്.
സെപ്റ്റംബർ 18 മുതലാണ് കുവൈത്ത് പെട്രോൾ വില ഗണ്യമായി ഉയരാൻ തുടങ്ങിയത്. ബജറ്റ് അനുസരിച്ച് ഇൗ സാമ്പത്തിക വർഷം 49.5 ബില്യൻ ഡോളർ വരുമാനവും 71 ബില്യൻ ഡോളർ ചെലവും പ്രതീക്ഷിക്കുന്നു. പ്രതിദിനം 2.8 മില്യൻ ബാരൽ ഉൽപാദനം എന്ന തോതിൽ 44.3 ബില്യൻ ഡോളറാണ് ഇൗ വർഷം എണ്ണ വരുമാനം കണക്കാക്കിയിട്ടുള്ളത്. ബാരലിന് 50 ഡോളർ കണക്കാക്കിയാണ് ബജറ്റ്. ഇപ്പോൾ തന്നെ 83.1 ഡോളർ ഉള്ള സ്ഥിതിക്ക് യഥാർഥ വരുമാനം ബജറ്റിൽ കണക്കാക്കിയിരിക്കുന്നതിനേക്കാൾ ഉയരുമെന്നുറപ്പാണ്. എണ്ണയിതര വരുമാനത്തിനും കാര്യമായ വളർച്ച കാണിക്കുന്നത് കുവൈത്തിനെ സംബന്ധിച്ചിടത്തോളം ശുഭകരമാണ്.
എണ്ണയിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത് ആരംഭിച്ച പരിഷ്കാരങ്ങൾ ഫലം കാണുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഈ സാമ്പത്തികവർഷം ഏപ്രിൽ ഒന്നുമുതൽ ആഗസ്റ്റ് അവസാനം വരെ 100 കോടി ദീനാറാണ് എണ്ണയിതര വരുമാനം. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 820 ദശലക്ഷം ദീനാർ ആയിരുന്നു. 2017ലേതിനെക്കാൾ 40 ശതമാനം വർധനയാണ് ഈ വർഷം കണക്കാക്കുന്നത്. എണ്ണയിതര വരുമാനത്തിെൻറ 80 ശതമാനവും ആറു സർക്കാർ ഏജൻസികളിൽനിന്നാണ്. ജലം -വൈദ്യുതി മന്ത്രാലയത്തിൽനിന്നാണ് ഏറ്റവും കൂടുതൽ ലഭിച്ചത്. ധനമന്ത്രാലയവും കസ്റ്റംസ് മേഖലയും, ആരോഗ്യമന്ത്രാലയം, വാർത്താവിനിമയ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുമാണ് പ്രധാനമായും വരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.