കുവൈത്ത്-കോഴിക്കോട് യാത്ര രോഗികൾക്ക് ദുരിതം

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും നേരിട്ട് കൂടുതൽ വിമാനങ്ങളും ബിസിനസ് ക്ലാസും ഇല്ലാത്തത്

രോഗികൾക്കും പ്രായമുള്ളവർക്കും യാത്രദുരിതം തീർക്കുന്നു. അപകടങ്ങളും രോഗങ്ങളും കൊണ്ട് വീൽചെയറിലും മറ്റും നാട്ടിലേക്ക് പോകുന്നവർക്കും ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന കുവൈത്തികൾക്കും കോഴിക്കോട്ടേക്കുള്ള യാത്ര ദുഷ്കരമാണ്.കിടപ്പുരോഗികളും ഇതേ പ്രയാസങ്ങൾ അനുവിക്കുന്നു.

കുവൈത്തിൽ നിന്ന് നേരിട്ട് കോഴിക്കോട്ടേക്ക് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണുള്ളത്.ഇതിൽ ഇക്കണോമിക് ക്ലാസ് മാത്രമെയുള്ളൂ. പ്രായമുള്ളവർക്കും രോഗികൾക്കും അൽപ്പം ചാരി കിടന്ന് യാത്രചെയ്യാൻ ഇതിൽ കഴിയില്ല.ഇത്തരം യാത്രക്കാർ ബിസിനസ് ക്ലാസുകളാണ് തെരെഞ്ഞെടുക്കുക. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ്സിൽ ബിസിനസ് ക്ലാസ് ഇല്ല. ഇതിനാൽ സൗകര്യത്തോടെ യാത്ര ചെയ്യാൻ ഇത്തരക്കാർക്ക് മറ്റു വിമാനകമ്പനികളെ ആശ്രയിക്കണം.

കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് മറ്റു വിമാന കമ്പനികൾ സർവീസ് നടത്തുന്നില്ല. കോഴിക്കോട്ടേക്ക് കണക്ഷൻ വിമാനങ്ങൾ തിരഞ്ഞെടുക്കാൻ ഇത്തരക്കാർ നിർബന്ധിതരാകുന്നു. മറ്റു രാജ്യങ്ങളിൽ കറങ്ങിയും കൂടുതൽ സമയമെടുത്തു ആകും ഈ യാത്ര എന്നത് മറ്റൊരു ദുരിതവുമാണ്.

ചികിത്സക്കായി നിരവധി കുവൈത്തികൾ കേരളത്തിലേക്ക് യാത്രചെയ്യുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ഭാഗത്താണ് ചികിത്സാ കേന്ദ്രങ്ങൾ കൂടുതൽ എന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തെയാണ് എല്ലാവരും ആശ്രയിക്കാറ്. കോട്ടക്കൽ ആയൂർവേദ ആശുപത്രിയിൽ എത്തുന്ന കുവൈത്തികൾ നിരവധിയാണ്.

ചിലർ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് കുവൈത്ത് എയർവേഴ്സിൽ ബിസിനസ് ക്ലാസിൽ എത്തി അവിടുന്നു ആബുലൻസ് പോലെയുള്ള വാഹനം തെരെഞ്ഞെടുത്താണ് കോഴിക്കോടും മലപ്പുറത്തുമുള്ള ചികിൽസാലയങ്ങളിൽ എത്തുന്നത്. എന്നാൽ നാട്ടിലെ റോഡ് യാത്ര അത്ര ശുഭകരമല്ലാത്തതും ഗതാഗതകുരുക്കും പ്രയാസം സൃഷ്ടിക്കുന്നു. എയർഇന്ത്യ എക്സ്പ്രസിലെ ഞെരുങ്ങി ഇരുത്തം പ്രയാമായവർക്കും പ്രയാസകരമാണ്.കിടപ്പ​ുരോഗികൾക്കും സമാന പ്രയാസം നേരിടുന്നു. മൂന്നോളം സഥിരം സീറ്റുകൾ മാറ്റിയാലേ കിടപ്പു രോഗികൾക്ക് സഥലം കണ്ടെത്താനാകൂ.

ആദ്യനിരയിൽ കൂടുതൽ പണം

എയർ ഇന്ത്യ എക്സ്പ്രസിൽ ആദ്യ നിരയിലും എമർജൻസി എക്സിറ്റിന്റെ ഭാഗത്തുള്ള നിരയിലുമാണ് സീറ്റുകൾക്കിടയിൽ അത്യാവശ്യം സഥലം ഉള്ളത്. ആറു സീറ്റുകൾ മാത്രമുള്ള ഒന്നാം നിരക്ക് അതിനാൽ എപ്പോഴും ഡിമാന്റാണ്. പ്രായമായവർ ഈ സീറ്റുകളാണ് തെരഞ്ഞെടുക്കാറ്. എന്നാൽ ഇതിന് പ്രത്യേകം ഫീസ് നൽകണം. ടിക്കറ്റ് നിരക്കിന് പുറമെ 2500 ഇന്ത്യൻ രൂപയാണ് നിലവിലെ നിരക്ക്.

നേരത്തെ ഇതിലും കുറവായത് അടുത്തിടെയാണ് വർദ്ധിപ്പിച്ചത്. എമർജൻസി എക്സിറ്റിന്റെ ഭാഗത്തുള്ള നിരയിലും ഇതേ നിരക്ക് നൽകണം. എന്നാൽ ഇവിടെ പൊതുവെ പ്രായമായവരെ ഇരുത്താറില്ല.

വളഞ്ഞ യാത്ര; പണവും സമയവും നഷ്ടം

യു.പി. ആമിർ മാത്തൂർ (അർശ് ട്രാവൽസ്)

എൺപത് വയസ്സ് കഴിഞ്ഞ സ്ത്രീയടക്കം നാല് അറബികൾ ശനിയാഴ്ച കോഴിക്കോട്ടേക്ക് ചികിത്സക്കായി അർശ് ട്രാവൽസ് മുഖേന യാത്ര ചെയ്തിരുന്നു. അവരിലെ പ്രായമുള്ള സ്ത്രീക്ക് കിടന്ന് പോകാൻ കണക്ഷൻ വിമാനം തിരഞ്ഞെടുക്കേണ്ടി വന്നു. നേരിട്ട് ഇത്തരം സൗകര്യമുള്ള വിമാനം ഇല്ലാത്തതിനാൽ ഗൾഫ് എയറിൽ ബഹ്റൈനിലൂടെ ബിസിനസ് ക്ലാസിലാണ് അവർ യാത്ര ചെയ്തത്. സാധാരണ നിരക്കിനേക്കാൾ ഇരട്ടി തുകയും കൂടുതൽ സമയവും അവർക്ക് ചിലവഴിക്കേണ്ടിവന്നു. ഇത് ഒരു ദുരവസ്ഥയാണ്.

രണ്ടാഴ്ച മുമ്പ് കളിക്കിടെ കാലിന് പരിക്ക് പറ്റി കോഴിക്കോട്ടേക്ക് യാത്രചെയ്ത മുപ്പത്കാരി വീൽചെയറിൽ വളരെ പ്രയാസപ്പെട്ടാണ് എയർ ഇന്ത്യഎക്സ്പ്രസിൽ നാട്ടിലെത്തിയത്. കുവൈത്തിൽ നിന്ന് നേരിട്ട് കോഴിക്കോട്ടേക്കും തിരിച്ചും ബിസിനസ് ക്ലാസ് സൗകര്യമുള്ള വിമാനങ്ങൾ സർവീസ് ആരംഭിക്കുകയാണ് ഇതിന് പരിഹാരം. കുവൈത്ത് എയർവേസ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും കോഴിക്കോട്ടേക്ക് സർവ്വീസ് ആരംഭിച്ചാൽ മലബാറുകാർക്ക് വലിയ ആശ്വാസമാകും. എയർ ഇന്ത്യ എക്സപ്രസിന്റെ വൈകലും റദ്ദാക്കലും പതിവായ സാഹചര്യത്തിൽ പ്രത്യേകിച്ചും. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവീസ് നിർത്തിവെച്ചത് നിലവിൽ യാത്രക്കാരെ പ്രയാസത്തിലാക്കിയിട്ടുണ്ട്. കൂവൈത്ത്- കോഴിക്കോട് റൂട്ടിൽ കുവൈത്ത് എയർവേസ് സർവീസ് ആരംഭിച്ചാൽ കണ്ണൂർ യാത്രക്കാർക്കും ആശ്വാസമാകും.

Tags:    
News Summary - Kuwait-Kozhikode travel woes for patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.