കുവൈത്ത് സിറ്റി: വ്യാഴാഴ്ച കോഴിക്കോട് നിന്നു കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകി. അപ്രതീക്ഷിതമായി വിമാനം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കോഴിക്കോടു നിന്നു രാവിലെ ഒമ്പതിനു പുറപ്പെടേണ്ട വിമാനം 1.24നാണ് പുറപ്പെട്ടത്. വിമാനം കുവൈത്തിൽ എത്താൻ വൈകിയതാണ് കുവൈത്ത്- കോഴിക്കോട് സർവിസും വൈകാൻ കാരണം. കോഴിക്കോടു നിന്നു പുറപ്പെടാൻ വൈകിയ വിമാനം 4.30ഓടെയാണ് കുവൈത്തിൽ എത്തിയത്. ഇതോടെ, കുവൈത്ത് വിമാനവും പുറപ്പെടാൻ വൈകി. ഉച്ചകഴിഞ്ഞ് 12.40ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.40ഓടെയാണ് പുറപ്പെട്ടത്. ഇതോടെ, വിമാനം കുവൈത്തിൽ നിന്ന് കോഴിക്കോട് എത്തുന്നതും വൈകി. രാത്രി 8.10ന് എത്തേണ്ട വിമാനം 12നാണ് എത്തിയത്.
അതേസമയം, വിമാനം വൈകുന്നത് നേരത്തെ അറിയിക്കാത്തത് യാത്രക്കാരെ പ്രയാസത്തിലാക്കി. 12.40ന് വിമാനം പുറപ്പെടുന്നത് കണക്കിലെടുത്ത് 10 മണിയോടെ യാത്രക്കാർ വിമാനത്താവളത്തിലെത്തിയിരുന്നു. മറ്റു നടപടികൾ പൂർത്തിയായതിനുശേഷമാണ് വിമാനം വൈകുന്ന അറിയിപ്പ് വന്നത്. അതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതോടെ ദീർഘ നേരം ഇവർക്ക് വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ടി വന്നു. കഴിഞ്ഞ ഞായറാഴ്ചയും കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് മണിക്കൂറുകൾ വൈകിയിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് വ്യാഴാഴ്ച രാവിലെ ഷാർജയിലേക്കുള്ള എയർ അറേബ്യയും വൈകി. രാവിലെ 9.30നുള്ള വിമാനം 10.45നാണ് പുറപ്പെട്ടത്. ഇതോടെ വിമാനം ഷാർജയിൽ എത്താൻ വൈകുകയും അവിടെ നിന്ന് കൊച്ചിയിലേക്ക് കണക്ഷൻ ടിക്കറ്റ് ബുക്കും ചെയ്തവർക്ക് തിരിച്ചടിയായി. കുവൈത്തിൽ നിന്നുള്ള വിമാനം 1.20നാണ് ഷാർജയിൽ എത്തിയത്. എന്നാൽ, അപ്പോഴേക്കും അവിടെ നിന്ന് 1.10നുള്ള വിമാനം പുറപ്പെടാൻ തയാറായിരുന്നു. ഇതോടെ വൈകീട്ടുള്ള വിമാനത്തിനായി ദീർഘസമയം കാത്തിരിക്കേണ്ടി വന്നതായി കുവൈത്തിൽ നിന്നുള്ള യാത്രക്കാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.