കുവൈത്ത് സിറ്റി: പതിറ്റാണ്ടുകൾക്കുമുമ്പ് ഇറാഖിലെ ബസറയിൽനിന്ന് കുടിവെള്ളവുമായി കുവൈത്തിലേക്ക് ധാരാളം കപ്പൽ വന്നിരുന്നു.
എണ്ണ കണ്ടുപിടിച്ചിട്ടില്ലാത്ത അക്കാലത്ത് കുവൈത്ത് സമ്പന്നമായിരുന്നില്ല. കാർഷിക സമൃദ്ധിയാൽ ഒെട്ടാക്കെ ധാരാളിത്തമുണ്ടായിരുന്ന ബസറയിൽനിന്നുള്ള വെള്ളമായിരുന്നു കുവൈത്തിന് ആശ്വാസമായിരുന്നത്. ഇപ്പോൾ സ്ഥിതി നേരെ തിരിച്ചാണ്. ജല ദൗർലഭ്യംമൂലം വലയുന്ന ബസറയിലേക്ക് കഴിഞ്ഞദിവസങ്ങളിൽ കുവൈത്ത് വെള്ളം കൊടുത്തയച്ചു. ഇറാഖ് സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയതിെൻറ 28ാം വാർഷികം ആചരിക്കുന്ന വേളയിലാണ് ഇൗ കാരുണ്യവർഷം എന്നത് കുവൈത്തിെൻറ മഹത്ത്വം വിളിച്ചോതുന്നു. ദയനീയമാണ് ബസറയിലെ സ്ഥിതി.
വെള്ളത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി ജനം സമരം ചെയ്യുകയാണ്. സമരത്തിൽ ഇതിനകം 14 പേർ കൊല്ലപ്പെടുകയും നൂറുക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളുകൾ കൃഷിയുപേക്ഷിച്ച് ജോലിയന്വേഷിച്ച് നഗരത്തിലേക്ക് കുടിയേറുകയാണ്. ജോലി കിട്ടാനില്ലെന്നത് വേറെ കാര്യം. കൃഷിയായിരുന്നു ബസറക്കാരുടെ മുഖ്യ വരുമാനം. യുദ്ധത്തിെൻറ മുറിപ്പാടുകൾക്കു പുറമെ വരൾച്ചകൂടിയായതോടെ ജനം വറുതിയിലാണ്. ഏറെ ജലസേചനം ആവശ്യമുള്ള നെല്ല്, ഗോതമ്പ് തുടങ്ങിയ കൃഷികൾ തൽക്കാലം നടത്തേണ്ടെന്നാണ് സർക്കാർ നിർദേശം.
വിത്തിറക്കിയാലും കരിഞ്ഞുണങ്ങുകയേയുള്ളൂ. കഴിഞ്ഞ വർഷം കൃഷിയിറക്കിയവർക്ക് വലിയ നഷ്ടം സംഭവിച്ചു. ടൈഗ്രീസ്, യൂഫ്രട്ടീസ് നദികൾ വറ്റി. ജലസംഭരണികളിൽ 10 ശതമാനം മാത്രമാണ് ബാക്കിയുള്ളത്. അടുത്തകാലത്തെ ഏറ്റവും വലിയ വരൾച്ചക്കാണ് രാജ്യം ഇൗ വർഷം സാക്ഷ്യം വഹിച്ചതെന്ന് ഇറാഖ് കൃഷി സഹമന്ത്രി മഹ്ദി അൽ ഖൈസി പറഞ്ഞു. ഇറാഖിെൻറ തെക്കൻ മേഖലയിലെ 30 ശതമാനം കൃഷിയും നശിച്ചു. മേഖലയിലെ 4,75,000 പേർ ജീവിച്ചിരുന്നത് കൃഷിയെ ആശ്രയിച്ചായിരുന്നു. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിന് സൗദിയുമായി ദീർഘകാല കരാറിലെത്തുന്നതിന് ഇറാഖ് അധികൃതർ വൈകാതെ ചർച്ച നടത്തും. സൗദി അത്യാവശ്യ സാധനങ്ങൾ ഇപ്പോൾ നൽകുകയും ഇറാഖ് എണ്ണ വിൽക്കുന്ന പണംകൊണ്ട് ഭാവിയിൽ കടം വീട്ടുകയും ചെയ്യുകയെന്ന ധാരണയിലേക്കാണ് ഉറ്റുനോക്കുന്നത്.
വൈദ്യുതിക്ഷാമം മൂലം പ്രയാസപ്പെടുന്ന ഇറാഖിന് കുവൈത്ത് കഴിഞ്ഞമാസം 17 ജനറേറ്ററുകൾ നൽകിയിരുന്നു. അയൽ രാജ്യത്തിെൻറ സ്ഥിരതയും സമാധാനവും വികസനവും കുവൈത്തിെൻറ പരിഗണനാ വിഷയമാണെന്ന് വ്യക്തമാക്കിയ അമീർ സഹായഹസ്തം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായമായും വായ്പയായും വൻതുകയാണ് കുവൈത്ത് ഇറാഖിന് നൽകുന്നത്. കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന ഇറാഖ് സഹായ ഉച്ചകോടിയിൽ 30 ബില്യൻ ഡോളർ സമാഹരിക്കാൻ കഴിഞ്ഞു. ഒരു ബില്യൻ ഡോളർ വായ്പയും ഒരു ബില്യൻ ഡോളർ നിക്ഷേപവുമാണ് ആതിഥേയരായ കുവൈത്ത് ഉച്ചകോടിയിൽ വാഗ്ദാനം ചെയ്തത്. തകർന്ന വിദ്യാലയങ്ങളുടെ പുനരുദ്ധാരണത്തിന് 80 മില്യൻ ഡോളർ വായ്പ നൽകാനും കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.