കുവൈത്ത് സിറ്റി: കാലാവസ്ഥ മേഖലയിലെ കണ്ടൽക്കാടുകൾക്കായുള്ള (എം.എ.സി) സംരംഭത്തിൽ കുവൈത്ത് ചേർന്നതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു. 2022ൽ ഈജിപ്തിലെ ശാം അൽശൈഖിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ ഇന്തോനേഷ്യയുമായി സഹകരിച്ച് യു.എ.ഇയാണ് സംരംഭം ആരംഭിച്ചത്.
കണ്ടൽമരങ്ങളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിൽ അവയുടെ പങ്ക് വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി. സംരംഭത്തിന്റെ ഭാഗമാകുന്നതിൽ കുവൈത്തിന്റെ പ്രതിബദ്ധത ഇ.പി.എ ഡയറക്ടർ ജനറൽ ഡോ. സമീറ അൽകന്ദരി വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ലോകമെമ്പാടുമുള്ള ഹരിതഗൃഹ ശ്രമങ്ങളെ കുവൈത്ത് പിന്തുണക്കുന്നതായും അവർ വ്യക്തമാക്കി. ഹരിതവത്കരണ ശ്രമങ്ങളെ പിന്തുണക്കുന്നതിനായി നിരവധി പദ്ധതികൾ ഇ.പി.എ ആവിഷ്കരിച്ചതായും ഒമാനുമായി സഹകരിച്ച് രാജ്യത്തുടനീളം കണ്ടൽമരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. കടൽജീവികൾക്കും പക്ഷികൾക്കും നല്ല അന്തരീക്ഷം പ്രദാനം ചെയ്യുന്ന കണ്ടൽക്കാടുകൾ ഓക്സിജന്റെ മികച്ച ഉൽപാദകരും തീരങ്ങളെ മണ്ണൊലിപ്പിൽനിന്ന് സംരക്ഷിക്കുന്നവയുമാണെന്നും അൽകന്ദരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.