എലിസബത്ത് രാജ്ഞിയുടെ നിര്യാണം: ലോകത്തിന് നഷ്ടമായത് മികച്ച നേതാവിനെ -അമീർ

കുവൈത്ത് സിറ്റി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനവുമായി കുവൈത്ത്. മരണത്തിൽ അനുശോചനം അറിയിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ലോകത്തിന് പരിചയസമ്പന്നവും ദീർഘവീക്ഷണമുള്ളതുമായ ഒരു നേതാവിനെ നഷ്ടമായതായി വ്യക്തമാക്കി. തന്റെയും കുവൈത്ത് സർക്കാറിന്റെയും ജനങ്ങളുടെയും അഗാധമായ ദുഃഖവും സഹതാപവും അമീർ അറിയിച്ചു. സമകാലിക ലോകത്തിലെ നിരവധി പ്രദേശങ്ങളെ രൂപപ്പെടുത്തുന്നതിന് സംഭാവന നൽകിയ ചരിത്രപരമായ നിലപാടുകൾ രാജ്ഞിക്കുണ്ടായിരുന്നതായും ആഗോള സുരക്ഷയും സമാധാനവും വർധിപ്പിക്കാൻ അവരുടെ ഇടപെടലുകൾ സഹായിച്ചതായും അമീർ അനുസ്മരിച്ചു.

പതിറ്റാണ്ടുകളായി തുടരുന്ന ആഴത്തിൽ വേരൂന്നിയതും ദൃഢവും ചരിത്രപരവുമായ കുവൈത്ത്-യു.കെ ബന്ധത്തെ അമീർ എടുത്തു പറഞ്ഞു. കുവൈത്ത് ഭരണകൂടവും നേതൃത്വവും സർക്കാറും ജനങ്ങളും ചരിത്രപരമായ കാര്യങ്ങൾ മറക്കില്ലെന്ന് പറഞ്ഞ അമീർ 1990ലെ ഇറാഖി അധിനിവേശം ചെറുക്കുന്നതിൽ ബ്രിട്ടീഷ് സായുധസേന നൽകിയ സജീവ പങ്കാളിത്തവും സൂചിപ്പിച്ചു. എലിസബത്ത് രാജ്ഞിയുടെയും ബ്രിട്ടന്റെയും സൗഹൃദപൂർവവും മാന്യവുമായ നിലപാടുകൾ കുവൈത്ത് ജനതയുടെ മനസ്സുകളിലും ഓർമയിലും എന്നും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പതാകകൾ താഴ്ത്തി

കുവൈത്ത് സിറ്റി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചിച്ച് കുവൈത്തിൽ പതാകകൾ താഴ്ത്തിക്കെട്ടി. വിയോഗത്തിൽ അനുശോചിച്ച് മൂന്ന് ദിവസത്തേക്ക് പതാകകൾ താഴ്ത്തിക്കെട്ടാൻ വ്യാഴാഴ്ച മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. വെള്ളിയാഴ്ച മുതൽ ഇത് പ്രാവർത്തികമായി. പതാകകൾ പകുതി താഴ്ത്തുമെന്നും ഇത് തിങ്കളാഴ്ച അവസാനിക്കുമെന്നും മന്ത്രിമാരുടെ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. രാജ്ഞിയുടെ നിര്യാണത്തിൽ ചാൾസ് മൂന്നാമനെയും ബ്രിട്ടനിലെ ജനങ്ങളെയും മന്ത്രിസഭ ആത്മാർഥമായ അനുശോചനം അറിയിച്ചു.

Tags:    
News Summary - Kuwait government condoled the death of Queen Elizabeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.