കുവൈത്ത് സിറ്റി: കാഴ്ചക്കാരുടെ പ്രായം അനുസരിച്ച് സിനിമയെ തരംതിരിക്കുമെന്ന് കുവൈത്ത് വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചു. എല്ലാ പ്രായവിഭാഗക്കാർക്കും അനുയോജ്യമായ സിനിമകളെ ‘ജി’ വിഭാഗത്തിൽപെടുത്തും. കുട്ടികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രം കാണേണ്ട സിനിമകൾ ‘പി.ജി’ വിഭാഗത്തിലാണ് ഉൾപ്പെടുക. ‘പി.ജി 12’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 12 വയസ്സിൽ താഴെയുള്ളവർ രക്ഷിതാക്കളോടൊപ്പം മാത്രം കാണുക എന്നാണ്. ‘പി.ജി 15’ സിനിമകൾ 15 വയസ്സിന് മുകളിലുള്ളവർ മാത്രം കാണുക. 18 വയസ്സിന് മുകളിലുള്ളവർക്ക് കാണാൻ കഴിയുന്ന സിനിമകളെ ‘ആർ 18’ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഈ വിവരങ്ങൾ ടിക്കറ്റിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ലാഫി അൽ സുബൈഇ അറിയിച്ചു. കുവൈത്ത് പിന്തുടരുന്ന പൊതു ധാർമിക മര്യാദകളും കുട്ടികളുടെ മാനസിക വളർച്ച സംബന്ധിച്ച പഠനങ്ങളും മാനദണ്ഡമാക്കിയാണ് സിനിമ ക്ലാസിഫിക്കേഷൻ നടത്തുക. അധാർമികവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായി സിനിമകൾക്ക് പ്രദർശനാനുമതി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.