കുവൈത്ത് സിറ്റി: കുവൈത്തിലെ എൻ.ബി.ടി.സി തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ച തീരുമാനം സ്വാഗതാർഹമാണെന്ന് കല കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നേരത്തേ അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈത്തിലെ മംഗഫിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ അകപ്പെട്ടവരുടെ വിവര ശേഖരണത്തിനും പരിക്കേറ്റവരെ സഹായിക്കാനും നോർക്ക ഹെൽപ് ഡെസ്ക് കുവൈത്തിൽ പ്രവർത്തിച്ചിരുന്നു. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബത്തിനും സഹായം ഉറപ്പാക്കാൻ ഇടപെടൽ നടത്തിയിരുന്നതായി കല കുവൈത്ത് ഭാരവാഹികൾ അവകാശപ്പെട്ടു.
അപകടമുണ്ടായ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ചേർന്ന ലോക കേരളസഭ സമ്മേളനത്തിൽ കുവൈത്തിൽനിന്നുള്ള ലോക കേരളസഭ അംഗങ്ങൾ ഇക്കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തൊഴിലാളികൾക്ക് സഹായം നൽകാൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തിന് അഭിവാദ്യമർപ്പിക്കുന്നതായി കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്തും പ്രസിഡന്റ് മാത്യു ജോസഫും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.