കുവൈത്ത് സിറ്റി: കടുത്ത ഭക്ഷ്യക്ഷാമവും ദുരിതവും അനുഭവിക്കുന്ന ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന പദ്ധതിക്ക് കുവൈത്ത് തുടക്കമിട്ടു. ആദ്യഘട്ടമായി 10 ടൺ ഭക്ഷ്യവസ്തുക്കളുമായി കുവൈത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി. ഇവിടെ നിന്ന് സഹായ വസ്തുക്കൾ ഗസ്സയിലെത്തിക്കും.
സാമൂഹികകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെയും വ്യോമസേനയുടെയും സഹകരണത്തിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ആണ് സഹായകൈമാറ്റം ഏകോപിപ്പിക്കുന്നത്. ഗസ്സയിലേക്ക് സഹായം സുരക്ഷിതമായി എത്തുന്നത് ഉറപ്പാക്കാൻ ഈജിപ്ത്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികളുമായി കെ.ആർ.സി.എസ് ഏകോപനം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയക്കുന്നതിനായി ക്രമീകരണങ്ങൾ നടന്നുവരികയാണ്.
ഗസ്സയിലെ ജനങ്ങൾ കടുത്ത പട്ടിണിയും, വിനാശകരമായ സാഹചര്യങ്ങളും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് കുവൈത്തിന്റെ സഹായം. ഗസ്സയിലെ ആരോഗ്യ മന്ത്രാലയം കണക്കനുസരിച്ച് 2023 ഒക്ടോബർ മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ കുറഞ്ഞത് 61,430 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ പട്ടിണി മൂലം മരിച്ച 217 പേരും ഉൾപ്പെടുന്നു. അതിൽ 100 പേർ കുട്ടികളാണ്.
ഗസ്സയിൽ ഭക്ഷണവും മറ്റു സഹായങ്ങളും തേടി എത്തുന്നവർക്കു നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മാനുഷിക സഹായം തേടുന്നതിനിടെ 35 ഫലസ്തീനികൾ കൊല്ലപ്പെടുകയും 304 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സഹായം തേടുന്നതിനിടെ 1,778 ഫലസ്തീനികൾ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. മേയ് 27 മുതൽ 12,894-ലധികം പേർക്ക് പരിക്കേറ്റു.ഈ ഘട്ടത്തിൽ ഫലസ്തീൻ സഹോദരങ്ങളെ പിന്തുണക്കുക എന്ന ഭരണനേതൃത്വ നിർദേശങ്ങൾക്ക് പാലിച്ചാണ് സഹായ പദ്ധതിയെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഡയറക്ടർ ജനറൽ ഫവാസ് അൽ മസ്രൂയി പറഞ്ഞു. കുവൈത്തിന്റെ ആഴത്തിലുള്ള മാനുഷിക കാഴ്ചപ്പാടും ലോകമെമ്പാടും ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിനുള്ള സന്നദ്ധതയും അദ്ദേഹം സൂചിപ്പിച്ചു.
ഗസ്സക്ക് സഹായം എത്തിക്കുന്നതിനായി നേരത്തെ കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം ആരംഭിച്ച മൂന്നു ദിവസത്തെ രാജ്യവ്യാപക സംഭാവന കാമ്പയിനിൽ 11.5 മില്യൺ ദീനാർ സമാഹരിച്ചിരുന്നു. ഇതിൽ നിന്നുള്ള ആദ്യ സഹായമാണ് 10 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.