കുവൈത്ത് സിറ്റി: കസ്റ്റംസ് വകുപ്പിൽ 34 വർഷം പൂർത്തിയാക്കിയവരെ പെൻഷൻ വിഭാഗത്തിലേക്ക് മാറ്റുമെന്ന് ജനറൽ കസ്റ്റംസ് ഡയറക്ടർ ജമാൽ അൽ ജലാവി. സർവിസ് കാല പരിധിയിൽ ആർക്കും പ്രത്യേക പരിഗണന നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റംസ് വകുപ്പിലെ ചില തസ്തികകളിൽ വിരമിക്കൽ കാലപരിധിയിൽ അനുയോജ്യമായ മാറ്റം വരുത്തുമെന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്. സിവിൽ സർവിസ് കമീഷെൻറ (സി.എസ്.സി) ഉത്തരവ് പ്രകാരം അടുത്ത ആഴ്ചയിൽ വകുപ്പിലെ 80 ജീവനക്കാരെ പെൻഷൻകാരായി മാറ്റും.
അതേസമയം, ഇത്രയും ജീവനക്കാരെ പെൻഷൻ വിഭാഗത്തിലേക്ക് മാറ്റുന്നുവെങ്കിലും അടുത്ത മേയ് വരെ പുതിയ നിയമനമൊന്നും കസ്റ്റംസിൽ ഉണ്ടാവില്ല. 2018 മേയ് മാസത്തിന് ശേഷമായിരിക്കും പുതിയ നിയമനങ്ങൾ നടക്കുക. കസ്റ്റംസ് വകുപ്പിലെ ജീവനക്കാർക്ക് വിരലടയാളം പതിക്കുന്നതിൽ ചില ഇളവുകൾ നൽകിയതായ വാർത്ത അൽ ജലാവി നിഷേധിച്ചു.
കസ്റ്റംസിലെ ജീവനക്കാർക്ക് രാവിലെ ജോലിക്കെത്തുമ്പോൾ മാത്രം വിരലടയാളം രേഖപ്പെടുത്തിയാൽ മതിയെന്നും ജോലി കഴിഞ്ഞിറങ്ങുമ്പോൾ അത് വേണ്ടെന്നുമാണ് വാർത്തകൾ പ്രചരിച്ചത്. ജോലിക്ക് കയറുമ്പോഴെന്നതു പോലെ ജോലി കഴിഞ്ഞ് പോകുേമ്പാഴും വിരലടയാളം പതിക്കൽ ഒക്ടോബർ മുതൽ നിർബന്ധമാണ്. ഇതിൽ ആർക്കും ഇളവുണ്ടായിരിക്കില്ലെന്നും ജമാൽ അൽ ജലാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.