കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച ഏഴാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോത്സവത്തിൽ (‘നോട്ടം -2019’ ) മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത ‘ഭൂമി’ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സുമിത് കാഞ്ചിലാലിലൂടെ മികച്ച എഡിറ്റർ, പ്രദീപ് ശങ്കറിലൂടെ ശബ്ദ സംയോജനം എന്നിവക്കുള്ള പുരസ്കാരങ്ങളും ‘ഭൂമി’ നേടി. വെടക്ക് യന്ത്രം എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോജോ ജോർജ് ആണ് മികച്ച നടൻ. മിഴി നനയുമ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്മിത ജ്യോതിഷ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. ശരീഫ് താമരശ്ശേരി ഒരുക്കിയ ‘വേർ വിൽ വി ഗോ’ ആണ് മികച്ച പ്രവാസി ചിത്രം. രതീഷ് ഗോപി സംവിധാനം ചെയ്ത ചാരു ഓഡിയൻസ് പോളിൽ ഒന്നാമതെത്തി.
ഡെസ്റ്റിനേഷൻ എന്ന ചിത്രത്തിലൂടെ മുഹമ്മദ് സാലിഹ് മികച്ച സംവിധായകനായും ബ്ലാക്ക് ബലൂൺ എന്ന ചിത്രത്തിലൂടെ പ്രശാന്ത് രാധാകൃഷ്ണൻ മികച്ച തിരക്കഥാകൃത്തായും തെരഞ്ഞെടുക്കപ്പെട്ടു. അരുൾ കെ. സോമസുന്ദരം (സാവണ്ണയിലെ മഴപ്പൂക്കൾ) ആണ് മികച്ച ഛായാഗ്രാഹകൻ. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളവിക സുനിൽ കുമാറും (മാരിപോസ), അവന്തിക അനൂപും (എക്സ്പെക്റ്റേറ്റിവ്) പങ്കിട്ടു. കുട്ടികളുടെ വിഭാഗത്തിൽ അഭിരാം അനൂപ് സംവിധാനം ചെയ്ത എക്സ്പെക്റ്റേറ്റിവ് മികച്ച സിനിമയായി.
അൻസാരി കരൂപ്പടന്ന സംവിധാനം ചെയ്ത ‘കൂട്ട്’ എന്ന സിനിമയും ‘ഉപ്പളം’ എഡിറ്റിങ് നിർവഹിച്ച ധനേഷ് തെക്കേമാലി, നിസാർ ഇബ്രാഹിം (സംവിധായകൻ -സിക്സ്റ്റീൻ), അരുൺ നാഗമണ്ഡലം (നടൻ - നോട്ടം ആൻഡ് സോൾ ഒാഫ് ലൗ) എന്നിവരും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന മേള പ്രശസ്ത ശബ്ദ സംയോജകനും ജൂറി അംഗവുമായ ടി. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. 15 മിനിറ്റ് വരെ ദൈർഘ്യമുള്ള 41 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, സൗണ്ട് ഡിസൈനർ ടി. കൃഷ്ണനുണ്ണി, സംവിധായകൻ സജീവൻ അന്തിക്കാട് എന്നിവർ അടങ്ങിയ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.