കുവൈത്ത് സിറ്റി: ഘട്ടംഘട്ടമായി കോവിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തിവരുന്ന കുവൈത്ത് ലോക്ഡൗണിന് സമാനമായ സാഹചര്യത്തിലേക്ക് നീങ്ങാൻ സാധ്യത. വ്യാഴാഴ്ച വൈകുന്നേരം ടാക്സി സർവിസ് അവസാനിപ്പിച്ചതാണ് അവസാന പ്രധാന നടപടി. പല സ്വകാര്യ കമ്പനികളും പ്രവർത്തിക്കുന്നതുമൂലം പകൽ നിരത്തുകൾ സജീവമാണ്.
ഇത് ആരോഗ്യ മന്ത്രാലയം ലക്ഷ്യം വെക്കുന്ന സാമൂഹിക അകലം പാലിക്കലിന് വിരുദ്ധമായതിനാലാണ് സർക്കാർ നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ബസ് സർവിസുകൾക്ക് പുറമെ ടാക്സികൂടി നിർത്തിയതോടെ സാമൂഹിക ജീവിതവും സഞ്ചാരവും പരിമിതമാവും. അതിനിടെ, ടാക്സി സർവിസ് നിലച്ചതോടെ മിക്കവാറും കമ്പനികൾ സ്വന്തം ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വകാര്യവാഹനങ്ങളിലെ സഞ്ചാരവും അവശ്യകാര്യങ്ങൾക്ക് മാത്രമാക്കുമെന്ന സൂചനകൾ രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
വൈകീട്ട് അഞ്ചുമുതൽ പുലർച്ച നാലുവരെ കർഫ്യൂ നീട്ടാനുള്ള സാധ്യതയും തള്ളാനാവില്ല. നേരത്തേ വീട്ടിലിരിക്കാനുള്ള നിർദേശം ഒരുവിഭാഗം ജനങ്ങൾ അനുസരിക്കാത്തതിനാലാണ് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ തന്നെ കോവിഡ് പ്രതിരോധ നടപടികൾ നേരേത്ത തുടങ്ങിവെച്ചതും ശക്തമായി നടപ്പാക്കുന്നതും കുവൈത്ത് ആണ്.
അതുവഴി വൈറസിെൻറ സാമൂഹിക വ്യാപനം തടയാൻ രാജ്യത്തിന് കഴിഞ്ഞിട്ടുമുണ്ട്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അടിസ്ഥാനാവശ്യങ്ങൾക്കുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. സാമൂഹിക വ്യാപനത്തിെൻറ സാധ്യത അനുഭവപ്പെട്ടാൽ കുവൈത്ത് പൂർണ ലോക്ഡൗണിലേക്ക് നീങ്ങുമെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.