മറിയം അൽ മുറാദ് യു.എൻ ജനറൽ അസംബ്ലിയിൽ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഗസ്സയിലെ തുടർച്ചയായ ഇസ്രായേൽ ആക്രമണത്തെയും അധിനിവേശ പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള നടപടികളെയും കുവൈത്ത് ശക്തമായ ഭാഷയിൽ അപലപിച്ചു. യു.എൻ ജനറൽ അസംബ്ലിയുടെ ആദ്യ കമ്മിറ്റിയിൽ (നിരായുധീകരണവും അന്താരാഷ്ട്ര സുരക്ഷയും) കുവൈത്ത് നയതന്ത്ര അറ്റാഷെ മറിയം അൽ മുറാദ് വിഷയത്തിൽ രാജ്യത്തിന്റെ നിലപാടും വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശസേന ക്രൂരമായ ആക്രമണങ്ങളിലൂടെ സാധാരണക്കാരെ കൊല്ലുകയും പൊതു സ്ഥാപനങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവ ആക്രമിക്കുകയും ചെയ്തു.
മിഡിലീസ്റ്റിൽ ആണവായുധങ്ങളും മറ്റു വൻ നശീകരണ ആയുധങ്ങളും ഇല്ലാത്ത ഒരു മേഖല സ്ഥാപിക്കുന്നതിലെ തടസ്സത്തിന്റെ കാരണം എൻ.പി.ടിയിൽ ചേരാൻ ഇസ്രായേൽ വിസമ്മതിച്ചതാണ്. വൻ ആയുധങ്ങൾ സൃഷ്ടിക്കുന്ന ഭീഷണികളെ നേരിടാൻ ലക്ഷ്യമിട്ടുള്ള ഏതു ബഹുമുഖ ശ്രമങ്ങളിലും സജീവമായി പങ്കെടുക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണ്. നിരായുധീകരണവുമായി ബന്ധപ്പെട്ട എല്ലാ കൺവെൻഷനുകളിലും ഉടമ്പടികളിലും തന്റെ രാജ്യം പങ്കാളിയാണെന്നും അവർ വ്യക്തമാക്കി. സുരക്ഷയും സമാധാനവും നിലനിർത്തുന്നതിന് ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസവും നിരായുധീകരണ വിഷയങ്ങളിൽ കുവൈത്തിന്റെ ഉറച്ച നിലപാടും അൽ മുറാദ് വ്യക്തമാക്കി.
കുവൈത്ത് സിറ്റി: പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാമത്തെ സാധാരണ സെഷൻ ഈമാസം 31ന് നടക്കുമെന്ന് സ്പീക്കർ അഹ്മദ് അൽ സദൂൻ അറിയിച്ചു. അമീർ പ്രതിനിധിയും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉദ്ഘാടനപ്രസംഗം, അസംബ്ലി ട്രഷറർ, നിരീക്ഷകൻ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ്, വിവിധ പ്രമേയങ്ങൾ പരിശോധിക്കൽ എന്നിവയാണ് പ്രധാന അജണ്ട. ഗസ്സയിലെ സയണിസ്റ്റ് ലംഘനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രത്യേക സമ്മേളനം ബുധനാഴ്ച നടത്താനും സ്പീക്കർ അൽ സദൂൺ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.