കുവൈത്ത് സിറ്റി: ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത് മന്ത്രിസഭ. വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റുകൾ, എണ്ണ മേഖലയിലെ സൗകര്യങ്ങൾ, മറ്റ് സുപ്രധാന കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട ആക്രമണങ്ങൾ തീപിടുത്തത്തിനും, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിട കെട്ടിടങ്ങൾ എന്നിവയുടെ വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായതായി യോഗം വിലയിരുത്തി.
ഇറാൻ നടപടി കുവൈത്തിന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, സുരക്ഷ എന്നിവയുടെ നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമം, മാനുഷിക നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണെന്നും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ചൂണ്ടികാട്ടി.
ആക്രമണങ്ങൾക്കും അവയുടെ പ്രത്യാഘാതങ്ങൾക്കും നിയമപരമായും ധാർമ്മികമായും ഇറാൻ പൂർണ്ണ ഉത്തരവാദിയാണ്. സാധാരണക്കാരെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത്, പ്രാദേശിക സുരക്ഷക്ക് ഭീഷണിയും സംഘർഷം ലഘൂകരിക്കാനും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും. തങ്ങളുടെ പരമാധികാരം, സുപ്രധാന കേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കാനും അതിർത്തികൾ കാത്തുസൂക്ഷിക്കുന്നതിനും പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി.
ബഹ്‌റൈൻ, ഖത്തർ, ജോർഡൻ എന്നിവക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു. മൂന്ന് രാജ്യങ്ങളോടും പൂർണ്ണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. സൗദി അറേബ്യക്കും മേഖലയിലെ ജലപാതകളിലും ഹൂതി വിമതർ ഉയർത്തിയ ഭീഷണികളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടികാട്ടി. രാജ്യത്തെ സൈനിക സംഭവവികാസങ്ങളും സായുധ സേനയുടെ സജ്ജതയും പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹ് മന്ത്രിസഭയിൽ വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.