ചൂട് കുറയാൻ ഇനിയും കാത്തിരിക്കണം; കുവൈത്തിൽ ഈർപ്പവും പൊടിക്കാറ്റും സജീവമാകും
കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കുറയാൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കണം. അടുത്ത രണ്ടു ദിവസങ്ങളിൽ പകൽ ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ താരതമ്യേന ഊഷ്മളമായ സാഹചര്യവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ ഈർപ്പം വർധിക്കാനും നേരിയ മൂടൽമഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം രാജ്യത്ത് അനുഭവപ്പെട്ടതായും, ഇത് തീരപ്രദേശങ്ങളിൽ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ വായുസഞ്ചാരത്തിന് കാരണമായതായും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് തുറസ്സായ പ്രദേശങ്ങളിൽ ഇടക്കിടെ പൊടി ഉയർത്താൻ സാധ്യതയുണ്ട്. വൈകുന്നേരം മുതൽ ഈർപ്പം വർധിക്കുകയും രണ്ടുദിവസം തുടരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച താപനില 41-43 ഡിഗ്രി വരെയും, ശനിയാഴ്ച 39-41 ഡിഗ്രി വരെയും പ്രതീക്ഷിക്കുന്നു. രാത്രിയിലെ കുറഞ്ഞ താപനില 25-നും 29-നും ഇടയിലായിരിക്കും.
അതേസമയം, രാജ്യത്ത് ഉയർന്ന ചൂടിന് കുറവുവന്നു തുടങ്ങിയിട്ടുണ്ട്. ഉയർന്ന താപനില കണക്കിലെടുത്ത് നടപ്പാക്കിയ പകൽ സമയ പുറം തൊഴിൽ നിരോധനം ഈ മാസം ഒന്നു മുതൽ പിൻവലിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.