കുവൈത്ത് സിറ്റി: നിപ വൈറസ് ഭീതിയെ തുടർന്ന് കേരളത്തിൽനിന്ന് എത്തുന്ന യാത്രക്കാരുടെ ബാഗേജിൽനിന്ന് പഴങ്ങളും പച്ചക്കറികളും കുവൈത്ത് വിമാനത്താവളത്തിൽ എടുത്തുമാറ്റുന്നു. അവധികഴിഞ്ഞ് തിരിച്ചുവന്ന നിരവധി പേർക്കാണ് കഴിഞ്ഞ ദിവസം ഇങ്ങനെ പഴങ്ങളും പച്ചക്കറികളും വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടിവന്നത്. ഒരുനിലക്കും നിപ വൈറസ് രാജ്യത്ത് എത്താതിരിക്കാനാണ് ജാഗ്രത പുലർത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യയിൽനിന്നുള്ള പഴം -പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് മേയ് 31 മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉൽപന്നങ്ങൾക്ക് ഇൗ വിലക്ക് ബാധകമാണ്. യു.എ.ഇ, ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളിലേക്കും കേരളത്തിൽനിന്ന് പഴങ്ങളും പച്ചക്കറികളും വരുന്നില്ല. താൽക്കാലികമായാണ് നിയന്ത്രണം. വൈറസ് ഭീതി ഒഴിയുന്ന മുറക്ക് നിയന്ത്രണം നീക്കും.
കുടുംബങ്ങൾ നാട്ടിൽപോക്ക് മാറ്റിവെക്കുന്നു
കുവൈത്ത് സിറ്റി: നിപ വൈറസ് ഭീതിമൂലം പ്രവാസികൾ നാട്ടിൽ പോകുന്നത് നീട്ടിവെക്കുന്നു. സ്കൂൾ വേനലവധിയും പെരുന്നാളും കണക്കിലെടുത്ത് നേരേത്ത വിമാന ടിക്കറ്റ് എടുത്തുവെച്ച നിരവധിയാളുകൾ ടിക്കറ്റ് റദ്ദാക്കി. ഇതിനനുസരിച്ച് ടിക്കറ്റ് നിരക്കിലും ഇടിവുണ്ടായി.
കോഴിക്കോേട്ടക്ക് സിംഗിൾ ടിക്കറ്റിന് 130 ദീനാർവരെ എത്തിയത് 55 ദീനാർവരെ താഴ്ന്നു. ഇപ്പോൾ നാട്ടിൽ പോയാൽ തിരിച്ചുവരവ് ബുദ്ധിമുട്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് പലരും യാത്ര മുടക്കുന്നത്.
രോഗം പടരുകയാണെങ്കിൽ യാത്രവിലക്ക് വരാനുള്ള സാധ്യതയാണ് മുന്നിൽകാണുന്നത്. നാട്ടിലെ രോഗാവസ്ഥയെ കുറിച്ചുള്ള ആശങ്കകളും പ്രചാരണങ്ങളും ആളുകളെ മാറ്റിച്ചിന്തിപ്പിക്കുന്നു. മാസങ്ങൾക്കു മുമ്പ് ടിക്കറ്റ് എടുത്ത ചിലർ കാൻസൽ ചെയ്ത് പുതിയത് എടുത്ത് സാമ്പത്തിക ലാഭം ഉണ്ടാക്കി.
കാൻസൽ ചെയ്യാനുള്ള 15 ദീനാറിനെക്കാൾ ഉയർന്ന ലാഭം ടിക്കറ്റ് നിരക്ക് കുറവിലൂടെ ലഭിക്കുന്നുണ്ട്. അതേസമയം, നിപ നിയന്ത്രണ വിധേയമായതായും ആശങ്കക്ക് വകയില്ലെന്നുമാണ് കേരളത്തിലെ ആരോഗ്യവകുപ്പ് പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് ഇതുസംബന്ധിച്ച് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.