ബ്രിട്ടനിലേക്ക് പോകുന്ന കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അമീരി വിമാനത്താവളത്തിൽ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച രാവിലെ ബ്രിട്ടനിലേക്ക് തിരിച്ചു. ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ പ്രത്യേക ക്ഷണമനുസരിച്ച് സ്വകാര്യ സന്ദർശനത്തിനായാണ് അമീർ പോകുന്നത്. കുവൈത്തിൽനിന്ന് സ്കോട്ട്ലാൻഡിലേക്ക് വിമാനം കയറിയ അമീർ വടക്കൻ അയർലൻഡ് കൂടി സന്ദർശിച്ചാണ് മടങ്ങുക. ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, നാഷനൽ ഗാർഡ് മേധാവി മുബാറക് അൽ ഹമൂദ് അൽ ജാബിർ അസ്സബാഹ്, ഉപപ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് സൗദ് അസ്സബാഹ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അമീരി വിമാനത്താവളത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
അമീറിനെ അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യ, അമീരി ദിവാനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അമീറിനെ ഫോണിൽ വിളിച്ചിരുന്നു. കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ശക്തി പകരാൻ അമീറിന്റെ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.