കുവൈത്ത് സിറ്റി: പെരുന്നാൾ അവധി കഴിഞ്ഞതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കൊഴിഞ്ഞു. അവധിക്ക് നാട്ടിൽ പോയി വിദേശികൾ എത്തിത്തുടങ്ങിയിട്ടില്ല. ഇത്തവണ പെരുന്നാൾ അവധിക്കാലത്ത് അഭൂതപൂർവമായ തിരക്കാണ് കുവൈത്ത് വിമാനത്താവളത്തിൽ അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 65 ശതമാനം അധികം തിരക്ക് കൂടാൻ കാരണം ഈദുൽ ഫിതർ അവധിയും മധ്യവേനൽ അവധിയും ഒരുമിച്ചെത്തിയതാണ്. പത്തുദിവസത്തെ കണക്കെടുത്താൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,41,700 യാത്രക്കാരുടെ വർധനയാണുള്ളത്.
അവധിക്കാലം കുവൈത്തിന് പുറത്ത് ചെലവഴിക്കാനായി സ്വദേശികളും വിദേശികളുമടക്കം മൂന്ന് ലക്ഷം പേരാണ് യാത്രക്കൊരുങ്ങുന്നത്. ഇതിൽ 40,000 പേർ പെരുന്നാളവധി ചെലവഴിക്കാനും 2,80,000 പേർ മധ്യവേനൽ അവധിക്കും വേണ്ടിയാണ് കുവൈത്ത് വിടുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 10 വരെ പല ഘട്ടങ്ങളിലായാണ് ഇവരുടെ യാത്ര.
രാജ്യത്തെ കൊടിയ ചൂടിൽനിന്ന് ആശ്വാസം ലഭിക്കാൻ അനുയോജ്യമായ കാലാവസ്ഥ തേടിയുള്ളതാണ് സ്വദേശികളുടെ യാത്ര. തുർക്കി, ദുബൈ, ലണ്ടൻ, ജിദ്ദ, ഇറാനിലെ മഷ്ഹദ്, ശറമുശൈഖ് എന്നിവിടങ്ങളിലേക്കാണ് സ്വദേശികളിൽ അധികപേരും പോവുന്നത്. ജൂൺ 21 മുതൽ 27 വരെ 2270 വിമാന ഷെഡ്യൂളുകളാണ് അധികമായി ഉണ്ടായിരുന്നത്. ഇൗ ആരവം ഒഴിഞ്ഞതോടെ വിമാനത്താവളത്തിൽ ആളനക്കം കുറഞ്ഞു. അടുത്ത ആഴ്ചയോടെ അവധിക്ക് മുമ്പുള്ള സാധാരണ നില കൈവരിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.