കുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലര്‍ച്ചയോടെ രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ മൂടല്‍മഞ്ഞ് വിമാനത്താവളത്തിലെയും തുറമുഖങ്ങളിലെയും യാത്ര-ചരക്ക് നീക്കത്തെ സാരമായി ബാധിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്നുകൊണ്ടിരുന്ന 14 വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കാതെ സമീപത്തെ മറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. കടുത്ത മൂടല്‍ മഞ്ഞിനാല്‍ കാഴ്ചപരിധി 100 മീറ്ററിലും താഴ്ന്നതാണ് വിമാനങ്ങള്‍ ലാന്‍ഡിങ് നടത്താന്‍ പൈലറ്റുമാര്‍ക്ക് തടസ്സമായത്.
കുവൈത്ത് സിവില്‍ എവിയേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ഒൗദ്യോഗിക വക്താവ് മന്‍സൂര്‍ അല്‍ ഹാഷിമി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ സമയം വിവിധ രാജ്യങ്ങളില്‍നിന്ന് വന്നുകൊണ്ടിരുന്ന കുവൈത്ത് എയര്‍വേയ്സിന്‍േറതുള്‍പ്പെടെ വിമാനങ്ങള്‍ ദമ്മാം, ദോഹ, മനാമ എന്നീ താവളങ്ങളിലേക്കാണ് തിരിച്ചുവിട്ടത്. മൂടല്‍മഞ്ഞ് മാറി അന്തരീക്ഷം തെളിഞ്ഞതോടെ രാവിലെ ഏഴു മണിയോടെയാണ് ആദ്യ വിമാനം കുവൈത്തില്‍ ഇറക്കാനായത്. അന്താരാഷ്ട്ര എവിയേഷന്‍ ചട്ടമനുസരിച്ച് കാഴ്ച പരിധി 300-500 മീറ്ററുണ്ടെങ്കില്‍ മാത്രമേ വിമാനങ്ങള്‍ ലാന്‍ഡിങ് നടത്താന്‍ പാടുള്ളൂ. മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ മോശം കാലാവസ്ഥ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തെയും ബാധിച്ചതായി ശുവൈഖ് തുറമുഖ ഡയറക്ടര്‍ ക്യാപ്റ്റന്‍ ബദര്‍ അല്‍ ഇന്‍സി പറഞ്ഞു. ശുവൈഖിന് പുറമെ ശുഐബ, ദോഹ തുറമുഖങ്ങളില്‍ കപ്പല്‍ യാത്രയും ചരക്ക് നീക്കവും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയുണ്ടായി.
അന്തരീക്ഷം തെളിഞ്ഞ് നല്ല കാഴ്ച ലഭിച്ചതോടെയാണ് മൂന്ന് തുറമുഖങ്ങളിലും പ്രവര്‍ത്തനം പുനരാരംഭിച്ചത്. തിങ്കളാഴ്ച പുലച്ചെ നാല് മണിയോടെയാണ് രാജ്യവ്യാപകമായി മൂടല്‍ മഞ്ഞുണ്ടായത്. ഇത് കാരണം റോഡുകളില്‍ വാഹന ഗതാഗതത്തിന് തടസ്സം നേരിട്ടതായാണ് വിവരം. ചക്രവാള കാഴ്ച നൂറുമീറ്ററിലും കുറഞ്ഞതിനാല്‍ വേഗത കുറച്ച് കരുതലോടെ വാഹനമോടിക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.