കുവൈത്ത് വിമാനത്താവളം; ടെർമിനൽ 1 പ്രവർത്തനം ഈ മാസം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ- 1 (ടി-1) ഈ മാസത്തോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷ. ഇതിനായുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന സൗദി സൂപ്പർ കപ്പ് ഫുട്ബാൾ ഫൈനൽ മൽസരത്തിന് മുന്നോടിയായി നവംബറിൽ ടി-1 വീണ്ടും പ്രവർത്തനമാരംഭിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയിൽ നിന്നുള്ള കാണികൾക്ക് എത്തിച്ചേരുന്നതിനായി ടെർമിനൽ- 1 നവീകരണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നാണ് സൂചന.
ഫെബ്രുവരി 28-ന് ഇറാൻ ആക്രമണത്തെ തുടർന്ന് ടെർമിനൽ-1ൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ജൂൺ ഒന്നിന് അറബ്, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കായി വീണ്ടും തുറന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ജൂൺ മൂന്നിന് ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണം വീണ്ടും ടെർമിനലിനെ ലക്ഷ്യമിട്ടു. ഈ ആക്രമണത്തിൽ ടെർമിനലിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഒരാൾ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അടച്ചിട്ട ടെർമിനൽ- 1 ഇതുവരെ തുറന്നിട്ടില്ല. കുവൈത്ത് എയർവേസ് ടെർമിനൽ നിന്നാണ് നിലവിൽ മറ്റു വിമാനങ്ങൾ സർവിസ് നടത്തുന്നത്.
ഡിസംബറിലാണ് സൗദി സൂപ്പർ കപ്പ് മൽസരങ്ങൾ കുവൈത്തിൽ നടക്കുന്നത്. ഇതിന് മുന്നോടിയായി ടെർമിനൽ-1 തുറക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. സൗദിയിൽ നിന്നുള്ള ഫുട്ബാൾ പ്രേമികളെ കണക്കിലെടുത്ത് നുവൈസീബ് അതിർത്തി ചെക്ക്പോസ്റ്റിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ഇവിടെ 20 പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ച് സൗകര്യങ്ങൾ വിപുലീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.