കുവൈത്തിൽ കൊലക്കേസിൽ മൂന്നു മലയാളികൾക്ക് ജീവപര്യന്തം

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊലപാതകക്കേസിൽ മൂന്നു മലയാളി യുവാക്കൾക്ക് ജീവപര്യന്തം. ഫിലിപ്പൈൻ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി ഫ്ലാറ്റിനു തീക്കൊളുത്തുകയും ചെയ്ത കേസിലാണ് കോഴിക്കോട് താമരശേരി സ്വദേശി അജിത്‌ അഗസ്​റ്റിൻ, ഈങ്ങാപ്പുഴ സ്വദേശി ടിജോ  തോമസ്‌, ബാലുശേരി സ്വദേശി തുഫൈൽ എന്നിവർക്കെതിരെ സുപ്രീംകോടതി വിധിപ്രസ്താവിച്ചത്. നേരത്തെ ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു.  

പരോൾ പോലും അർഹിക്കുന്നില്ലെന്ന പരാമർശത്തോടെയാണ് കീഴ്‌കോടതി കുറ്റമുക്തരാക്കിയ പ്രതികൾക്ക് സുപ്രീംകോടതി ജീവപര്യന്തം തടവ് വിധിച്ചത്. 2014 ഫെബ്രുവരിയിൽ ഫർവാനിയ പാകിസ്താൻ സ്കൂളിന്​ സമീപം ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തീ പിടിത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. 

എന്നാല്‍, ഫോറന്‍സിക് പരിശോധനയിൽ തീപിടിത്തത്തിനു മുമ്പ് തന്നെ യുവതി കൊല്ലപ്പെട്ടിരുന്നെന്ന് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ സിവില്‍ ഐ.ഡിയും ബാങ്ക് കാർഡും ആയിരുന്നു അന്വേഷണം മലയാളി യുവാക്കളുടെ നേർക്ക്‌ തിരിച്ചത്. കുവൈത്തിൽ ബേക്കറി ജോലിക്കാരായിരുന്നു മൂന്നു പേരും. പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍ നിന്ന് വന്‍സംഖ്യ പറ്റിയിരുന്ന അജിത്‌ അത് തിരിച്ചടക്കാതിരിക്കാന്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലുകയും തെളിവ് നശിപ്പിക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ലാറ്റിനു തീകൊളുത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

എന്നാൽ, കൊല നടത്തിയതായി ആധികാരികമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാട്ടി ക്രിമിനൽ കോടതിയും പിന്നീട് അപ്പീൽ കോടതിയും യുവാക്കളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതേ തുടർന്ന് മൂന്നു പേരും കുവൈത്ത് വിട്ടിരുന്നു.
 

Tags:    
News Summary - Kuawit Supreme Court Convicted Three Malayalee Youths in Lifetime Impressment in Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.