സഹായങ്ങൾ അയക്കുന്ന ട്രക്കുകൾക്ക് സമീപം കെ.ആർ.സി.എസ് പ്രവർത്തകർ
കുവൈത്ത് സിറ്റി: യമനിലെ ദുരിതബാധിത കുടുംബങ്ങളെ സഹായിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) മാനുഷിക കര വാഹനവ്യൂഹം ആരംഭിച്ചു. യമനിൽ കോളറ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കുവൈത്ത്-സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൽ നിന്നുമുള്ള സംഭാവനകളിലൂടെ മരുന്നുകളും ആരോഗ്യ അവശ്യവസ്തുക്കളും ഉൾപ്പെടെ ഏകദേശം 40 ടൺ മെഡിക്കൽ, ജീവിത സാമഗ്രികൾ വാഹനവ്യൂഹത്തിൽ ഉണ്ടെന്ന് കെ.ആർ.സി.എസ് വ്യക്തമാക്കി.
സഹായ ട്രക്കുകളുടെ സുഗമമായ കടന്നുപോകൽ ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, സാമൂഹിക കാര്യ മന്ത്രാലയം, യമൻ റെഡ് ക്രസന്റ്, സൗദി റെഡ് ക്രസന്റ് എന്നിവയുമായി ഏകോപനം നടത്തിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ യമൻ ജനതയെ സഹായിക്കാനുള്ള കുവൈത്തിന്റെ മാനുഷിക പ്രതിബദ്ധതയുടെ ഭാഗമായാണ് അവശ്യ വസ്തുക്കൾ അയക്കുന്നതെന്ന് കെ.ആർ.സി.എസ് ഓപറേഷൻസ് ഡയറക്ടർ സൈനബ് കംബർ പറഞ്ഞു.
കുവൈത്ത് ചാരിറ്റബിൾ സംഘടനകളുടെ തുടർച്ചയായ പിന്തുണയെ അവർ പ്രശംസിച്ചു. യമനിലെ ജനവിഭാഗങ്ങൾക്കിടയിലെ ദുരിതങ്ങൾ കുറക്കുന്നതിന് റെഡ് ക്രസന്റ് വരും കാലയളവിൽ കൂടുതൽ പരിപാടികളും സഹായങ്ങളും ആരംഭിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.