കുവൈത്ത് സിറ്റി: യാത്രക്കാരെ വട്ടം കറക്കി വീണ്ടും എയർഇന്ത്യ എകസ്പ്രസിന്റെ റദ്ദാക്കൽ. വെള്ളിയാഴ്ച കോഴിക്കോട്-കുവൈത്ത്, കുവൈത്ത്-കോഴിക്കോട് സർവിസ് പൂർണമായും നിലച്ചു. വ്യാഴാഴ്ച കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം സാങ്കേതിക കാരണങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതോടെ വെള്ളിയാഴ്ച രാവിലെ കോഴിക്കോടുനിന്ന് കുവൈത്തിലേക്കുള്ള സർവിസും റദ്ദാക്കി.
വ്യാഴാഴ്ച മുടങ്ങിയ വിമാനം വെള്ളിയാഴ്ച ഉച്ചക്ക് 12.55 പുറപ്പെടുമെന്നായിരുന്നു യാത്രക്കാർക്ക് ലഭിച്ച നിർദേശം. ഇതുപ്രകാരം വിമാനത്താവളത്തിൽ എത്തിയവരോട് ആദ്യം വിമാനം വൈകുമെന്നും പിന്നീട് 2.30ന് പുറപ്പെടുമെന്നും അറിയിച്ചു. എന്നാൽ വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.വ്യാഴവും വെള്ളിയും വിമാനം മുടങ്ങിയതോടെ ഈ വിമാനത്തിന് ടിക്കറ്റ് എടുത്തവർ വെട്ടിലായി. ശനിയാഴ്ച കുവൈത്തിൽ നിന്ന് കോഴിക്കോട് സർവിസ് ഇല്ല. ഞായറാഴ്ചയാണ് അടുത്ത സർവിസ്.
ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകാനിരുന്നവർ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടിവന്നു. കോഴിക്കോട്ടെക്ക് നേരിട്ട് എയർഇന്ത്യ എക്സ്പ്രസ് മാത്രമേ സർവിസ് ഉള്ളൂ എന്നതും യാത്രക്കാരെ പ്രയാസത്തിലാക്കി. ഇതോടെ, അടിയന്തര യാത്രക്കാർ മറ്റു വിമാനത്താവളങ്ങൾ വഴി ചുറ്റിതിരിഞ്ഞാണ് കോഴിക്കോട് എത്തിയത്. വ്യാഴാഴ്ച വിമാനം മുടങ്ങിയതോടെ ചില യാത്രക്കാർ കൊച്ചി, കണ്ണൂർ വിമാനങ്ങളിൽ യാത്ര തിരിച്ചിരുന്നു.
അതിനിടെ, ഒക്ടോബർ മുതൽ ഡിസംബർ വരെ കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് താൽക്കാലികമായി നിർത്തലാക്കുമെന്നാണ് വിവരം. ഇതോടെ, ഈ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ കടുത്ത പ്രയാസത്തിലാകും. കുവൈത്തിൽ നിന്നും തിരിച്ചും കോഴിക്കോട്ടേക്ക് ആഴ്ചയിൽ നാലു സർവിസും കണ്ണൂരിലേക്ക് ആഴ്ചയിൽ രണ്ടു സർവിസുമാണുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.