എസ്കലേറ്ററുകൾ, തണൽമേലാപ്പുകൾ, വൈദ്യുത ദീപങ്ങൾ....മസ്കത്തിൽ കാൽനട മേൽപാലങ്ങൾ മുഖംമിനുക്കുന്നു

മസ്കത്ത്: തലസ്ഥാന നഗരിയിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും നഗരവികസനത്തിന്റെയും ഭാഗമായി അത്യാധുനിക രൂപകൽപനയോടു കൂടിയ കാൽനട മേൽപാലങ്ങൾ നിർമിക്കാനുള്ള ബൃഹദ് പദ്ധതിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ആധുനിക ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് ഈ പുതിയ പാലങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. പകൽ സമയങ്ങളിൽ കാൽനടയാത്രക്കാർക്ക് പരമാവധി പ്രയോജനപ്രദമാകുന്ന രീതിയിലാണ് പുതിയ പാലങ്ങൾ നിർമിക്കുക. യാത്രക്കാർക്ക് വെയിലേൽക്കാതിരിക്കാൻ തണൽ സംവിധാനങ്ങൾ, ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന രൂപകൽപന എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷവും ഒപ്പം നഗരത്തിന്റെ മനോഹര കാഴ്ചയും ആസ്വദികാവുന്ന രീതിയിലാണ് പാലങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിൽ എലവേറ്ററുകളും എസ്‌കലേറ്ററുകളും ഈ പുതിയ മേൽപാലങ്ങളിൽ സജ്ജീകരിക്കും. കൂടാതെ, പാലത്തിന്റെ പ്രവർത്തനങ്ങൾക്കും രാത്രികാല വിളക്കുകൾക്കും ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി സോളാർ പാനലുകളും സ്ഥാപിക്കും. ഇത് ഊർജ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കും.

ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തിൽ മാത്രം മസ്കത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടൈയുണ്ടായ വാഹനാപകടങ്ങളിൽ 259 കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുകയും 89 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ കരാറിനായുള്ള ടെണ്ടർ നടപടികൾ മസ്കത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചു കഴിഞ്ഞു. താൽപര്യമുള്ള കമ്പനികൾക്ക് സെപ്റ്റംബർ ഒമ്പതിനകം ടെണ്ടർ രേഖകൾ ശേഖരിക്കാം. സെപ്റ്റംബർ 22 നകം ബിഡുകൾ സമർപ്പിക്കണമെന്നും അന്നേദിവസം ടെണ്ടർ തുറക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Escalators, awnings, electric lights...Pedestrian overpasses in Muscat are getting a facelift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.