കുവൈത്ത് സിറ്റി: മുസ്ലിം ലീഗിെൻറ പോഷക വിഭാഗമായ കെ.എം.സി.സി കുവൈത്ത് കമ്മിറ്റിയിലെ വിഭാഗീയതയിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇടപെട്ടു. പ്രധാന സംസ്ഥാന ഭാരവാഹി ഒരു ജില്ല പ്രസിഡൻറിനെ പരസ്യമായി അടിച്ച വിഷയത്തിൽ ലഭിച്ച പരാതിയെ തുടർന്ന് മുസ്ലിം ലീഗ് കമ്മിറ്റി ഏഴംഗ ഉപദേശക സമിതിയെ നിയമിച്ചു.
വിമത വിഭാഗം നേതാവ് നാസർ മഷ്‌ഹൂർ തങ്ങളാണ് ഉപദേശക സമിതി അധ്യക്ഷൻ എന്നതാണ് ശ്രദ്ധേയം. മുൻ പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാനാണ് വൈസ് ചെയർമാൻ. മുൻ പ്രസിഡൻറ് കുഞ്ഞമ്മദ് പേരാമ്പ്ര, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, ടി.ടി. സലീം, പി.വി. ഇബ്രാഹിം, സൈനുദ്ദീൻ കടിഞ്ഞിമൂല, സി.പി. അബ്ദുൽ അസീസ് എന്നിവരാണ് സമിതിയിലുള്ളത്. നേരത്തെ ഉപദേശക സമിതി അധ്യക്ഷനായിരുന്ന നാസർ മഷ്‌ഹൂർ തങ്ങളുടെ നേതൃത്വത്തിലുള്ള വിഭാഗം കുറേ കാലമായി മാറിനിൽക്കുകയായിരുന്നു. മുസ്ലിം ലീഗ് മുൻ അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരുമകനാണ് നാസർ മഷ്‌ഹൂർ തങ്ങൾ. കഴിഞ്ഞ വർഷം നടത്തിയ ഒത്തുതീർപ്പിലൂടെയാണ് ഇവർ തിരിച്ചുവന്നത്.
തുടർന്ന് നടന്ന സംഘടന തെരഞ്ഞെടുപ്പിലും വിഭാഗീയത ശക്തമായിരുന്നു. പൊരിഞ്ഞ പോരിനൊടുവിൽ ഷറഫുദ്ദീൻ കണ്ണേത്ത് പക്ഷത്തിന് ഭൂരിപക്ഷം കിട്ടി. എന്നാൽ, നേരത്തെ നിശ്ചയിച്ച ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം തോറ്റ വിഭാഗത്തിലെ എം.ആർ. നാസർ സംസ്ഥാന ട്രഷററായി. തുടർന്ന് ഒരുമിച്ച് പ്രവർത്തിച്ചെങ്കിലും വിഭാഗീയത അവസാനിച്ചിട്ടില്ല. ഇതിെൻറ തുടർച്ചയാണ് സംസ്ഥാന ഭാരവാഹി ജില്ല പ്രസിഡൻറിനെ അടിച്ച സംഭവം.
ഇരുപക്ഷവും തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ച മണ്ഡലം കമ്മിറ്റികളിൽ പിടിമുറുക്കിയിട്ടുണ്ട്. കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച കാസർകോട് ജില്ല കെ.എം.സി.സിയുടെ തീരുമാനത്തിന് സംസ്ഥാന ലീഗ് നേതൃത്വം അംഗീകാരം നൽകിയില്ല. വിമത വിഭാഗത്തിന് ഭൂരിപക്ഷമുള്ള ചില മണ്ഡലം കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും തമ്മിലും സഹകരണക്കുറവുള്ളതായി ചില ഭാരവാഹികൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.