കുവൈത്ത് സിറ്റി: രാജ്യത്ത് 2022 ആവുന്നതോടെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ 25 ശതമാ നമായി ഉയർന്നേക്കുമെന്ന് പഠനം. ‘ബിരുദ ധാരികളുടെ തൊഴിൽപ്രശ്നം’ എന്ന വിഷയത്തിൽ ജനാധിപത്യ സഖ്യം സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ സംസാരിക്കവെ പാർലമെൻറ് അംഗം അഹ്മദ് അൽ ഫാദിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കുവൈത്തിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വിവിധ വിഷയങ്ങളിൽ ബിരുദം കരസ്ഥമാക്കിയ നിരവധി പേരാണ് രാജ്യത്തുള്ളത്. സർക്കാർ മേഖലക്കോ സ്വകാര്യ മേഖലക്കോ അവരെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. എൻജിനീയറിങ് ബിരുദം കഴിഞ്ഞ 250 സ്വദേശികൾ നിയമനം ലഭിക്കാതെ പ്രയാസപ്പെടുന്നത് അടുത്തിടെ ചർച്ചയായിരുന്നു. തൊഴിൽരഹിതരായ സ്വദേശി ചെറുപ്പക്കാരുടെ പ്രശ്നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കപ്പെടണമെന്ന് ലേബർ ഗാതറിങ് മേധാവി അബ്ബാസ് അവദ് പറഞ്ഞു. ചെറുപ്പക്കാരെ മോഷണത്തിലേക്കും മയക്കുമരുന്നിലേക്കുമെത്തിക്കുന്നതിൽ തൊഴിലില്ലായ്മക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രാദേശിക നിയമനം: നിബന്ധനകൾ പാലിച്ചത് 87 അധ്യാപകർ മാത്രം
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപകരായി കുവൈത്തിൽനിന്ന് നിയമിക്കപ്പെട്ട വിദേശികളിൽ വെറും 87 പേർ മാത്രമാണ് നിബന്ധനകൾ മുഴുവൻ പൂർത്തിയാക്കിയതെന്ന് അധികൃതർ. വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിയമനം നേടിയവരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധന നടത്തിയതിലാണ് ഇക്കാര്യം വ്യക്തമായത്. ഇങ്ങനെ നിയമിതരായവരിൽ അധികവും 10 വർഷത്തിലധികം സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്തവരാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ വിവർത്തകരായിട്ടാണ് ഇപ്പോൾ ഇവർ ജോലി ചെയ്യുന്നത്. അതിനിടെ, അടുത്ത അധ്യയന വർഷം മന്ത്രാലയത്തിലേക്ക് 780 അധ്യാപകരെ കൂടുതൽ വേണ്ടിവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.