കുവൈത്ത് സിറ്റി: ഈ വർഷത്തെ മൂന്നാം പാദ സാമ്പത്തിക റിപ്പോർട്ടിൽ മികച്ച മുന്നേറ്റം കൈവരിച്ച് ജസീറ എയർവേസ്. സെപ്റ്റംബർ 30ന് അവസാനിച്ച മൂന്ന് മാസ കാലയളവിൽ ജസീറ എയർവേസ് 13.5 ദശലക്ഷം ദീനാർ അറ്റാദായം നേടി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15.9 ശതമാനം വർധനയും 20 വർഷത്തെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനവുമാണെന്ന് ജസീറ എയർവേസ് അറിയിച്ചു.
2025ലെ ആദ്യ ഒമ്പത് മാസത്തെ അറ്റാദായം 23 ദീനാർ ദശലക്ഷത്തിലെത്തിക്കാൻ മൂന്നാം പാദ പ്രകടനം സഹായിച്ചു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 60.3 ശതമാനം മികച്ച വളർച്ചയാണ് ഇതിലുണ്ടായത്.
ഈ വർഷം ആദ്യ ഒമ്പതു മാസത്തിൽ എയർലൈൻ 4.9 ശതമാനം വർധനയോടെ 171.6 ദശലക്ഷം ദീനാർ പ്രവർത്തന വരുമാനം നേടി. മിഡിലീസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളിലെ 64 വിമാനത്താവളങ്ങളിലേക്കായി 3.7 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു. അനുബന്ധ വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. പ്രാദേശിക, അന്തർദേശീയ വെല്ലുവിളികൾക്കിടയിലും റെക്കോഡ് ഫലങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും എയർവേസ് അറിയിച്ചു.
കുറഞ്ഞ ചെലവിലുള്ള വാണിജ്യ, വ്യോമ കാർഗോ വിമാനങ്ങൾ പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2004ൽ ആണ് ജസീറ എയർവേസ് സ്ഥാപിതമായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5ൽനിന്നാണ് ജസീറ എയർവേസ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.