കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിൽ ജൂലൈ 16 മുതൽ ട്രക്കുകൾക്കും ഭാരവാഹനങ്ങൾക്കും ചുങ്കം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജിനാൻ ബൂഷഹരി വ്യക്തമാക്കി. ടണ്ണ ിന് ഒരു ദീനാറാണ് ചുങ്കം നൽകേണ്ടി വരുക.വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്നതിനും ടോൾ പിരിവിനും സംവിധാനം ഏർപ്പെടുത്തുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അറിയിച്ചു. ടോൾ നൽകാൻ താൽപര്യമില്ലാത്ത ട്രക്ക് ഡ്രൈവർമാർക്ക് വടക്കൻ മേഖലയിലേക്ക് പോകാൻ ജാബിർ പാലം ഒഴിവാക്കി പകരം 80, 801 എന്നീ ഹൈവേകൾ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. ഇപ്പോൾ വലിയ തിരക്കില്ലെങ്കിലും ഭാവിയിലെ തിരക്ക് മുന്നിൽ കണ്ടുകൂടിയാണ് ഇത്തരമൊരു നീക്കം. ചുങ്കപ്പിരിവ് വഴി ലഭിക്കുന്ന വരുമാനം പാലത്തിെൻറ അറ്റകുറ്റപ്പണിക്കും പരിശോധനകൾക്കും നിരീക്ഷണത്തിനും മറ്റുമായി നീക്കിവെക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസിർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്ററാണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്. പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററിൽനിന്ന് 37.5 കിലോമീറ്റർ ആയി കുറയും. 738 ദശലക്ഷം ദീനാർ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബർ മൂന്നിനാണ് പാലത്തിെൻറ നിർമാണ പ്രവൃത്തി ആരംഭിച്ചത്. ലോകത്തിലെ നാലാമത്തെ വലിയ കടൽപ്പാലമായ ശൈഖ് ജാബിർ കോസ്വേ മേയ് ഒന്നിനാണ് അമീർ ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.