കുവൈത്ത് സിറ്റി: രാജ്യത്തെ അഞ്ചുദ്വീപുകളുടെ വികസനത്തിന് 160 ശതകോടി ദീനാർ ചെലവഴിക്കാൻ ആലോചിക്കുന്നു. ബുബ്യാൻ, വർബ, ഫൈലക, മസ്കൻ, ഒൗഹ എന്നീ ദ്വീപുകളുടെ വികസനത്തിനാണ് പദ്ധതി ആലോചിക്കുന്നത്.
ദ്വീപ് വികസന സമിതി ഇതിനായി പദ്ധതി തയാറാക്കുന്നുണ്ട്. ടൂറിസം മേഖലയിൽനിന്ന് പ്രതിവർഷം 40 ശതകോടി ദീനാർ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻ മുതൽമുടക്കിന് രാജ്യം തയാറാവുന്നത്. 2,00,000 തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഇറ്റലിയിലെ വെനീസിലേതുപോലെ കനാലുകൾ നിർമിച്ച് ദ്വീപുകളെ ടൂറിസം കേന്ദ്രങ്ങളായി മാറ്റും. വ്യാപാര സമുച്ചയങ്ങളും കലാകേന്ദ്രങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഇതിന് അനുബന്ധമായി നിർമിക്കും. ടൂറിസം മേഖലയിൽ ഫ്രീ സോൺ, ഫയലുകളും പദ്ധതികളും ചുവപ്പുനാടയിൽ കുരുങ്ങാതിരിക്കാൻ പ്രത്യേക ചട്ടങ്ങൾ എന്നിവയുണ്ടാക്കും. 20 വർഷം കൊണ്ടുമാത്രമേ പദ്ധതി പൂർത്തിയാവൂ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിക്ഷേപം ആകർഷിക്കാൻ പരിശ്രമങ്ങളുണ്ടാവും. രാജ്യത്തേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം ഇരട്ടിയാക്കാൻ പദ്ധതി സഹായിക്കുമെന്ന് പദ്ധതി ആസൂത്രണ സമിതിയംഗം ഹനാൻ അഷ്കാനി പറഞ്ഞു.
ദ്വീപുകളിലെ ആളോഹരി ജി.ഡി.പി രാജ്യത്തിെൻറ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് മൂന്നു മടങ്ങാവുമെന്നാണ് പ്രതീക്ഷ. അമീർ വിഭാവനം ചെയ്ത വിഷൻ 2035െൻറ ഭാഗമാണ് ദ്വീപ് വികസന പദ്ധതി. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് എണ്ണയിതര വരുമാന മാർഗങ്ങളെ ആശ്രയിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടാണ് വിഷൻ 2035 പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.