അഹ്മദ് അൽ ഖത്താൻ: വിടവാങ്ങിയത് മികച്ച പ്രഭാഷകനും ഫലസ്തീൻ വിഷയത്തിൽ ശ്രദ്ധ നേടിയ സാമൂഹിക പ്രവർത്തകനും

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ആക്ടിവിസ്റ്റുമായ അഹമ്മദ്‌ അൽ ഖത്താൻ (76) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കുടുംബ സംസ്കരണം ലക്ഷ്യമിട്ടുള്ള 'വിശ്വാസ സ്പർശം', 'ഇസ്‍ലാമിക വിദ്യാഭ്യാസം', 'പ്രബോധന ചിന്തകൾ' തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേവല പണ്ഡിതൻ എന്നതിലുപരി സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനായിട്ടുണ്ട് അഹ്മദ് അൽ ഖത്താൻ. ഫലസ്തീൻ വിഷയത്തിൽ ശ്രദ്ധേയമായ നിരവധി ഇടപെടലുകളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ 'മിമ്പർ ഫലസ്തീൻ' എന്ന അപരനാമത്തിൽ അദ്ദേഹം അറിയപ്പെട്ടു. ഔഖാഫ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്താറുള്ള പ്രഭാഷണ പരമ്പരകളിലെ തിളങ്ങുന്നു താരമായിരുന്നു അഹ്മദ് അൽ ഖത്താൻ. സുർറയിൽ അദ്ദേഹം ജുമുഅ ഖുതുബ നിർവഹിച്ചിരുന്ന പള്ളി നിറഞ്ഞുകവിയാറുണ്ട്. ദൂരെ ദിക്കിൽനിന്ന് പോലും ശൈഖ് ഖത്താന്റെ ഖുതുബ കേൾക്കാനാണ് ആളുകൾ എത്താറുണ്ട്. ഇഖ്‍വാൻ ധാരയിലുള്ള ജംഇയ്യത്തുൽ ഇസ്‍ലാഹ് എന്ന സംഘടനയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന അഹ്മദ് അൽ ഖത്താൻ മികച്ച പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയവർ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.