കുവൈത്ത് സിറ്റി: തുടര്‍ച്ചയായ രണ്ടാം ദിവസവും കുവൈത്തില്‍ വൈദ്യുതി ഉൽപാദന-ജലശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ ആക്രമണം. ആക്രമണത്തിൽ പ്ലാൻ്റിൻ്റെ ചില ഭാഗങ്ങളിൽ തീപിടിത്തമുണ്ടാകുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി വൈദ്യുതി, ജല പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ദേശീയ വൈദ്യുതി ശൃംഖലയുടെ സ്ഥിരത നിലനിർത്താൻ അടിയന്തര പ്രതികരണ നടപടികൾ ആരംഭിച്ചു. ജനറൽ ഫയർ ഫോഴ്‌സ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സാങ്കേതിക, അടിയന്തര സംഘങ്ങൾ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പുന:സ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കേടുപാട് സംഭവിച്ച യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വൈദ്യുതി, ജല സേവനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ സാങ്കേതിക വിഭാഗങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അസാധാരണ സാഹചര്യത്തിൽ, വൈദ്യുതി ഉപഭോഗം മിതപ്പെടുത്തി സഹകരിക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
ഞായറാഴ്ച രാവിലെയും കുവൈത്തിനുനേരെ ഇറാൻ ആക്രമണമുണ്ടായി. രാജ്യത്തെ വ്യോമാതിർത്തിയിൽ എത്തിയ റോക്കറ്റുകളും ഡ്രോണുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ശനിയാഴ്ച കുവൈത്തിനു നേരെ തുടർച്ചയായ ആക്രമണം നടന്നിരുന്നു. ജല വൈദ്യുതി പ്ലാന്റിനും എണ്ണ ഉല്പാദന കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്കും വലിയ നാശനഷ്ട്കളും ഉണ്ടായി. വെള്ളിയച്ച സൈനിക ക്യാമ്പുകളിലെ ആക്രമണത്തിൽ ഏതാനും സൈനികർക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.